josekmani

തിരുവനന്തപുരം: കേരളാ കോൺഗ്രസിൽ വാർഡ് തലം മുതൽ തന്നെ പുനസംഘടന നടത്തുമെന്ന് പാർട്ടി ചെയർമാൻ ജോസ്.കെ മാണി അറിയിച്ചു. കോട്ടയത്ത് നടന്ന സ്‌റ്റിയറിംഗ് കമ്മിറ്റി യോഗത്തിലെ ദീ‌ർഘമായ ചർച്ചയ്‌ക്കൊടുവിലാണ് ഈ തീരുമാനമെടുത്തതെന്ന് ജോസ്.കെ മാണി പറഞ്ഞു. കൊവിഡ് സാഹചര്യം നീണ്ടുപോകുന്നതിനാൽ ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പെയിൻ നടപ്പാക്കും. പാർട്ടി ഘടന തന്നെ മാറും. പ്രവാസി മലയാളികൾക്ക് പാർട്ടി അംഗത്വമെടുക്കുന്ന തരത്തിലാകുമിത്. മറ്റ് പാ‌ർട്ടികളിൽ നിന്നും നിരവധിയാളുകൾ കേരളകോൺഗ്രസിൽ എത്തുന്നുണ്ടെന്ന് ജോസ്.കെ മാണി പറഞ്ഞു.

നിയമസഭാ കൈയാങ്കളി കേസിൽ സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ കെ.എം മാണിയുടെ പേര് കുറ്റക്കാരനാണെന്നോ അഴിമതിക്കാരനാണെന്ന രീതിയിൽ പറഞ്ഞിട്ടില്ല. ഇക്കാര്യം പരിശോധിച്ചു. എൽഡിഎഫ് കൺവീനറോട് ഇക്കാര്യം സംസാരിച്ചു. മുന്നണി കൺവീനർ എ.വിജയരാഘവനും ഇക്കാര്യം കൃത്യമായി വിശദീകരിച്ചു. മാദ്ധ്യമങ്ങളെ ഇക്കാര്യത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.