ന്യൂഡൽഹി: ഇന്ത്യയിൽ പ്രവാസത്തിലായിരിക്കുന്ന ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ അദ്ദേഹത്തിന്റെ ജന്മദിനത്തിന് ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടിബറ്റിൽ ദലൈലാമയുടെ കീഴിലുള്ള നേതൃത്വത്തെ അംഗീകരിക്കാത്ത ചൈനയ്ക്കുള്ള ശക്തവും വ്യക്തവുമായ സന്ദേശം ആണ് മോദി ഈയൊരു പിറന്നാൾ സന്ദേശത്തിലൂടെ നൽകിയിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
86ാം ജന്മദിനം ആഘോഷിക്കുന്ന ദലൈലാമ ഇന്ത്യയിൽ പ്രവാസ ജീവിതം നയിക്കുകയാണ്. എങ്കിൽ പോലും ടിബറ്റിലെ ബഹുഭൂരിപക്ഷം ജനതയും ദലൈലാമയെ തങ്ങളുടെ നേതാവായി കരുതുന്നവരാണ്. എന്നാൽ ചൈന ലാമയുടെ ഈ പദവി ഇതു വരെ അംഗീകരിച്ചു കൊടുത്തിട്ടില്ല. കഴിഞ്ഞ വർഷം ചൈനയുമായുള്ള അതിർത്തി തർക്കം രൂക്ഷമായിരുന്ന സമയത്ത് ദലൈലാമയുടെ പിറന്നാളിന് മോദി ആശംസകൾ അറിയിക്കാത്തത് ചർച്ചയായിരുന്നു.
Spoke on phone to His Holiness the @DalaiLama to convey greetings on his 86th birthday. We wish him a long and healthy life.
— Narendra Modi (@narendramodi) July 6, 2021
ദലൈ ലാമയുടെ ജന്മദിനത്തിന് താൻ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു എന്ന മോദിയുടെ ട്വീറ്റിന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാരിൽ നിന്നും പലവിധത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ജന്മദിന ആശംസകൾ ഫോണിൽ വിളിച്ച് അറിയിക്കാതെ ദലൈലാമയെ നേരിൽ കണ്ട് ആശംസകൾ അറിയിച്ചിരുന്നുവെങ്കിൽ അത് ചൈനയ്ക്ക് നൽകാവുന്ന ഏറ്റവും ശക്തമായ സന്ദേശം ആയിരുന്നേനെയെന്ന് മുൻ എം പിയും എ ഐ എം ഐ എം നേതാവുമായ അസാദുദിൻ ഒവൈസി മോദിയുടെ ട്വീറ്റിനു മറുപടിയായി കുറിച്ചു.
Very good, sir! But it would have sent a strong message to China had you met HH Dalai Lama in person https://t.co/gtjOwW58GB
— Asaduddin Owaisi (@asadowaisi) July 6, 2021