lockdown

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെ ടിപിആറിന്റെ അടിസ്ഥാനത്തിൽ നാല് കാറ്റഗറിയായി തിരിച്ച് കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെയങ്കിൽ എ കാറ്റഗറിയിലും അഞ്ച് മുതൽ 10 വരെ ബി കാറ്റഗറിയിലും 10നും 15 നുമിടയിൽ സി കാറ്റഗറിയും അതിന് മുകളിൽ ഡി കാറ്റഗറിയുമാണ്. ഇതിൽ ഡി കാറ്റഗറിയുള‌ള ഇടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.

എ,ബി വിഭാഗങ്ങളിൽ പെട്ട സ്ഥലങ്ങളിൽ 50 ശതമാനം ജീവനക്കാപുമായി സർക്കാ‌ർ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഇവിടങ്ങളിൽ ഹോട്ടലുകൾ, ഇൻഡോ‌ർ കോർട്ടുകൾ, ജിം, എന്നിവ പ്രവർത്തിക്കാം. ഹോട്ടലുകളിൽ രാത്രി 9.30 വരെ ഹോം ഡെലിവറി, ടേക്ക് എവേ മാതൃകയിലാകണം പ്രവർത്തനം. ജിമ്മുകളും ഇൻഡോ‌ർ കോർട്ടുകളും എസി ഒഴിവാക്കി പ്രവർത്തിക്കണം. ഇരുപത് പേരിൽ കൂടുതൽ ഇവിടെ പാടില്ല.

ക‌ർശനമായ മാർഗനിർദ്ദേശങ്ങളും ആരോഗ്യമന്ത്രാലയത്തിന്റെ സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും അനുസരിച്ച് ടൂറിസ്‌റ്റ് മേഖലയിൽ പ്രവർത്തനമാകാം. പ്രവാസികൾക്കുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കേന്ദ്രസർക്കാരിന്റെ മുദ്രയും ബാച്ച് നമ്പറും പതിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനം ഏർപ്പെടുത്തും.