robbery

ആറ്റിങ്ങൽ: ആറ്റിങ്ങൽ പൊലീസ് സ്റ്റേഷന് സമീപം മോഷണപരമ്പര. ഇന്നലെ രാത്രി ആറ്റിങ്ങൽ കച്ചേരി ജംഗ്ഷന് ചുറ്റുവട്ടത്തെ ആറ് സ്ഥാപനങ്ങളിലാണ് മോഷണവും മോഷണശ്രമവും നടന്നത്.

ട്രഷറിക്ക് സമീപത്തെ ബ്യൂട്ടി പാർലർ,​ തൊട്ടടുത്ത ഡെന്റൽ ആശുപത്രി,​ അതിന് സമീപത്ത് പണി നടക്കുന്ന കെട്ടിടം,​ വീരളം ക്ഷേത്രത്തിന് സമീപത്തെ ഫോൺ കെയർ എന്ന മൊബൈൽ ഷോപ്പ്,​ അടുത്തുള്ള പെയിന്റ് കട,​ ഗേൾസ് ഹൈസ്കൂളിന് സമീപത്തെ ആച്ചൂസ് ഫാൻസി സെന്റർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

കെട്ടിടം പണിക്കായി ഇറക്കിയിരുന്ന 70 കിലോ കമ്പിയും മൊബൈൽ ഷോപ്പിൽ നിന്ന് മൊബൈലുകളുമാണ് മോഷണം പോയത്. മറ്റിടങ്ങളിൽ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. വാതിലുകൾ തകർത്താണ് മോഷ്ടാക്കൾ സ്ഥാപനങ്ങളിൽ പ്രവേശിച്ചത്.

സദാസമയവും പട്രോളിംഗ് നടക്കുന്ന റോഡരികിലെ സ്ഥാപനങ്ങളിൽ മോഷണം നടന്നതിൽ വ്യാപാരികൾ പരിഭ്രമത്തിലാണ്. ഇതിനുപിന്നിൽ ഒരുസംഘം ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.