കൊച്ചി: മഹാനായ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന്റെ എൺപതാം പിറന്നാൾ ആഘോഷിക്കുമ്പോൾ നാലുപെണ്ണുങ്ങൾ സിനിമയുടെ തകഴിയിലെ ലൊക്കേഷനിൽ ചിത്രമെടുക്കാൻ പോയ അനുഭവം കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് എഴുതുന്നു.
ആലപ്പുഴയിൽ ജോലി ചെയ്യുന്ന സമയത്ത് രാവിലെ ഓഫീസിൽ എത്തിയപ്പോൾ കേരളകൗമുദി ബ്യൂറോ ചീഫായിരുന്ന ശ്രീകുമാർ പള്ളിലേത്ത് തകഴിയുടെ ചെറുകഥയെ ആസ്പദമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന നാലു പെണ്ണുങ്ങൾ എന്ന സിനിമയുടെ ചിത്രീകരണം തകഴിയിൽ നടക്കുന്നുണ്ടെന്നും നമുക്ക് അവിടെ പോയി ഒരു റിപ്പോർട്ട് തയ്യാറാക്കിയാലോ എന്നും ചോദിച്ചത്. എന്നാൽ അടൂർ സാറിന്റെ ലൊക്കേഷൻ ആയതു കൊണ്ട് സന്തോഷം ഉണ്ടെങ്കിലും കർക്കശക്കാരനാണെന്ന് കേട്ടിട്ടുള്ളതിനാൽ മനസിൽ പേടിയുമുണ്ട്.
ഞങ്ങൾ രണ്ടുപേരും കൂടി ലോക്കേഷനിലെത്തി ശ്രീകുമാറേട്ടൻ അടൂർ സാറിന്റെ അസിസ്റ്റന്റായിരുന്ന മീരാസാഹിബിനെ കണ്ട് കാര്യങ്ങൾ സംസാരിച്ചു. ചിത്രങ്ങൾ എടുത്തുകൊള്ളാൻ പറയുകയും ചെയ്തു എങ്കിലും പേടിച്ച് വളരെ ശ്രദ്ധയോടെ ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെയാണ് ചിത്രങ്ങൾ പകർത്തിയത്.
ഓരോ കാര്യങ്ങളും സസൂഷ്മം നിരീക്ഷിച്ചാണ് അടൂർ സർ ഷോട്ടുകളെടുക്കുന്നതെന്ന് കാണാൻ കഴിഞ്ഞു. എല്ലാ കാര്യങ്ങളിലും കൃത്യമായ മേൽനോട്ടം. അഭിനയിക്കാനെത്തിയ കുട്ടിക്ക് നൽകിയ ഷർട്ടിലെ ബട്ടൻസ് പോലും നോക്കി ഉറപ്പുവരുത്തും.
പാടത്തോട് ചേർന്ന സ്ഥലത്തെ കള്ളുഷാപ്പിന്റെ പശ്ചാത്തലത്തിലുള്ള ഷൂട്ടിന് മുന്നോടിയായി നടൻ കൃഷ്ണയുടെ മുടി വെട്ടണം, അവിടെ അടുത്തുള്ള ബാർബറെ വരുത്തിച്ച് അടൂർ സാറിന്റെ നിർദ്ദേശ പ്രകാരം മുടി വെട്ടിക്കൊണ്ടിരിക്കുമ്പോൾ സമീപത്തെ തെങ്ങിൽ ചാരി നിന്ന് മുടി വെട്ടുന്നത് നോക്കി നിൽക്കുന്ന അടൂർ സാറിന്റെ ചിത്രം പകർത്തുന്നതിനായി ഞാൻ അതിന് മറുവശത്തെ വേലിക്ക് പുറത്ത് നിന്ന് ആ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരിക്കുകയായിരുന്നു.
ആ സമയത്ത് പ്രൊഡക്ഷൻ ബോയ് അടൂർ സാറിന് കുടിക്കാൻ വെള്ളം കൊണ്ടുവന്ന് നൽകിയപ്പോൾ വേലിക്ക് വെളിയിൽ നിൽക്കുന്ന എന്നെ ചൂണ്ടിയിട്ട് അയാളോട് സർ പറഞ്ഞു അയാൾക്ക് കൂടി വെള്ളം നൽകൂ എന്ന്. ശരിക്കും ഞാൻ ഞെട്ടിപ്പോയി എന്റെ മനസിൽ കർക്കശക്കാരനായ അടൂർ സാർ ആയിരുന്നു. ലൊക്കേഷനിലെ എല്ലാ കാര്യങ്ങളും സർ സസൂഷ്മം നിരിക്ഷിക്കുന്നുണ്ടെന്നുള്ള സത്യം ഒരിക്കൽ കൂടി മനസിലാക്കിയതായിരുന്നു ആ സംഭവം.
വളരെ സ്‌നേഹത്തോടെയാണ് അന്ന് സർ ഞങ്ങളോട് ഇടപഴകിയത്. അതിനാൽ തന്നെ മഹാനായ ചലച്ചിത്രകാരൻ എൺപതാം പിറന്നാൾ ആഘോഷിക്കുമ്പോൾ മനസിൽ ആദ്യം വരുന്നതും ആ സംഭവം തന്നെയാണ്.