കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച നഴ്സിംഗ് അസിസ്റ്റന്റ് അറസ്റ്റിൽ. ഉദയനാപുരം താഴത്തുതറ പി.കെ.നാരായണനെയാണ് (53) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സസ്പെന്റ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്. ചേർത്തല സ്വദേശിയായ 43 കാരിയുടെ പരാതിയിലാണ് നടപടി.
ജൂൺ 21ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അമിത ഉറക്ക ഗുളിക കഴിച്ച നിലയിലാണ് ചേർത്തല സ്വദേശിനിയെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. വയർ കഴുകുന്നതിന് അടച്ചിട്ട മുറിയിൽ പ്രവേശിപ്പിച്ചു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നാരായണൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. നാരായണനൊപ്പം ഒരു വനിതാ ജീവനക്കാരി ഉണ്ടായിരുന്നു. ഇവർ പുറത്തുപോയപ്പോഴാണ് പീഡനശ്രമം. ആശുപത്രി വിട്ട് വീട്ടിലെത്തിയപ്പോഴാണ് ഇവർ ഭർത്താവിനോട് സംഭവം പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. 2018ലും നാരായണനെതിരെ സമാന പരാതി ഉയർന്നിരുന്നു. അന്ന് പത്ത് ദിവസം ജോലിയിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തിരുന്നു.
ഗാന്ധിനഗർ എസ്.എച്ച്.ഒ കെ.ഷിജിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ.ഹരിദാസ്, പി.ആർ.ഒ.പി.വി.മനോജ്, വൈക്കം സ്റ്റേഷനിലെ പി.ആർ.ഒ മോഹനൻ, എസ്.ഐമാരായ കെ.എസ്. ഷാജി, എ.പി. സജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.