covid-death-

തിരുവനന്തപുരം : രണ്ടാം തരംഗം രാജ്യത്തിന് നൽകിയത് കനത്ത ആഘാതമാണ്. എന്നാൽ ഇപ്പോൾ കൊവിഡ് കൊടുമുടിയിൽ നിന്നും അതിവേഗം രാജ്യം മുക്തമാകുന്ന കാഴ്ചയാണ് കാണാനാവുന്നത്. അതേസമയം നമ്മുടെ സംസ്ഥാനത്തെ അവസ്ഥ ഇതിൽ നിന്നും വിഭിന്നവുമാണ്. ഇന്ന് പുറത്ത് വന്ന വിവരങ്ങൾ പ്രകാരം കഴിഞ്ഞ 111 ദിവസങ്ങൾക്കിടെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്.

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനത്തിന്റെ ശക്തി കുറയുകയാണ്. 34,703 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 111 ദിവസങ്ങൾക്കിടെ ഏറ്റവും കുറഞ്ഞ കണക്കാണിത്. മണിക്കൂറുകൾ കഴിഞ്ഞ് എന്നാൽ അതേ ദിവസം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 14,373 പേർക്കാണ് എന്നത് രോഗ വ്യാപനത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. അന്യ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ടെസ്റ്റ് നടത്തുന്നവരുടെ എണ്ണം കേരളത്തിൽ കൂടുതലായതാണ് കേസുകളിലെ വർദ്ധനവ് എന്ന അവകാശവാദം ഉയർത്തുന്നവരുണ്ട്. എന്നാൽ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കേവലം 2.11 മാത്രമാണ്. കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9 ആണിന്ന്. ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റിയുടെ ശരാശരി പത്തിന് മുകളിൽ തന്നെയാണ്.

രാജ്യത്ത് ഇപ്പോൾ കൊവിഡ് പോസിറ്റീവായ ആക്ടീവ് കേസുകളുടെ എണ്ണം പരിശോധിച്ചാലും കേരളത്തിലെ രോഗവ്യാപനം കൂടുതലാണെന്ന് മനസിലാക്കാനാവും. രാജ്യത്തെ ആക്ടീവ് കേസ് ലോഡ് കുറഞ്ഞ് 4,64,357 ആയി നിൽക്കുമ്പോൾ 1,04,105 പേരാണ് രോഗം സ്ഥിരീകരിച്ച് കേരളത്തിൽ ഇപ്പോഴുള്ളത്.

കൊവിഡ് മരണങ്ങളിലും കേരളം രണ്ടാം തരംഗത്തിൽ അപകടകരമായ അവസ്ഥയിലാണ്. ഒന്നാം തരംഗത്തിൽ കേസുകളുടെ എണ്ണം കൂടുതലുണ്ടായ സമയത്ത് പോലും വിരലിൽ എണ്ണാവുന്ന മരണങ്ങളായിരുന്നു പ്രതിദിനം ഉണ്ടായിരുന്നത്. ഇപ്പോൾ ഇത് ദിവസവും നൂറിൽ കൂടുതലാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇന്ന് രാജ്യത്ത് 553 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടപ്പോൾ കേരളത്തിൽ 142 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം

ഒന്നര മാസത്തോളം സംസ്ഥാനം പൂർണമായും അടച്ചിട്ടിട്ടും ചില ഭാഗങ്ങളിൽ കൊവിഡ് നിയന്ത്രിക്കാനാവാത്തതോടെയാണ് തദ്ദേശ സ്ഥാപനങ്ങളെ ടിപിആറിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനം തീരുമാനിച്ചത്. ഓരോ ആഴ്ചയും അവലോകന യോഗം നടത്തി നിയന്ത്രണങ്ങളിൽ ഇളവ് നൽകാനും തീരുമാനമായിരുന്നു. എന്നാൽ രോഗവ്യാപനം കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ഇന്ന് എടുത്ത തീരുമാനം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെയങ്കിൽ എ കാറ്റഗറിയിലും അഞ്ച് മുതൽ 10 വരെ ബി കാറ്റഗറിയിലും 10നും 15 നുമിടയിൽ സി കാറ്റഗറിയും അതിന് മുകളിൽ ഡി കാറ്റഗറിയുമാണ്. ഇതിൽ ഡി കാറ്റഗറിയുളള ഇടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.

എ,ബി വിഭാഗങ്ങളിൽ പെട്ട സ്ഥലങ്ങളിൽ 50 ശതമാനം ജീവനക്കാരുമായി സർക്കാർ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഇവിടങ്ങളിൽ ഹോട്ടലുകൾ, ഇൻഡോർ കോർട്ടുകൾ, ജിം, എന്നിവ പ്രവർത്തിക്കാം. ഹോട്ടലുകളിൽ രാത്രി 9.30 വരെ ഹോം ഡെലിവറി, ടേക്ക് എവേ മാതൃകയിലാകണം പ്രവർത്തനം. ജിമ്മുകളും ഇൻഡോർ കോർട്ടുകളും എസി ഒഴിവാക്കി പ്രവർത്തിക്കണം. ഇരുപത് പേരിൽ കൂടുതൽ ഇവിടെ പാടില്ല.

കർശനമായ മാർഗനിർദ്ദേശങ്ങളും ആരോഗ്യമന്ത്രാലയത്തിന്റെ സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും അനുസരിച്ച് ടൂറിസ്റ്റ് മേഖലയിൽ പ്രവർത്തനമാകാം. പ്രവാസികൾക്കുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കേന്ദ്രസർക്കാരിന്റെ മുദ്രയും ബാച്ച് നമ്പറും പതിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനം ഏർപ്പെടുത്തും.

കൊവിഡ് വ്യാപനം തടയുന്നതിനായി സമൂഹത്തിന്റെ പൂർണ പിന്തുണയുണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് ഗ്രാഫ് താഴുമ്പോഴും സാക്ഷരതയിലും, അടിസ്ഥാന സൗകര്യങ്ങളിലും മുന്നിൽ നിൽക്കുന്ന മലയാളികൾ മാതൃകയായി ഭരണകൂടത്തിനൊപ്പം പിന്തുണയുമായി സ്വയം തീരുമാനമെടുത്താൽ മാത്രമേ കൊവിഡിന്റെ പത്തി താഴ്ത്താൻ കഴിയു.