stan-swamy

ജനീവ: മനുഷ്യവകാശ പ്രവർത്തകനുമായിരുന്ന വൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതികരിച്ച് യു.എൻ. ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി യു.എൻ അറിയിച്ചു. അഭിപ്രായ സ്വാതന്ത്യത്തിനും സമാധാനപരമായ മനുഷ്യാവകാശ പ്രവർത്തനങ്ങളുടേയും പേരിൽ ആരും ജയിലിലടയ്ക്കപ്പെടാൻ പാടില്ലെന്ന് യു.എൻ മനുഷ്യാവകാശകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

നേരത്തേ സംഭവത്തിൽ പ്രതിഷേധിച്ച് യു.എൻ ഉദ്യോഗസ്ഥ മേരി ലാവ്ലറും യൂറോപ്യൻ യൂണിയൻ പ്രതിനിധി ഈമൻ ഗിൽമോറും രംഗത്തെത്തിയിരുന്നു. 'ഇന്ത്യയിൽ നിന്ന്ഇപ്പോൾ വരുന്ന വാർത്തവേദനാജനകമാണ്. വ്യാജ തീവ്രവാദക്കുറ്റം ചുമത്തി ഒൻപത് മാസം ജയിലിലടച്ച സ്റ്റാൻ സ്വാമി കസ്റ്റഡിയിൽ മരണമടഞ്ഞു. മനുഷ്യാവകാശത്തിനായി പ്രവർത്തിക്കുന്നവരെ ജയിലിടക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. എന്നായിരുന്നു മേരി ലാവ്ലറുടെ ട്വീറ്റ്. സ്റ്റാൻ സ്വാമി തന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിക്കുന്ന വീഡിയോയും ലാവ്ലർ പങ്ക് വെച്ചിരുന്നു. ലാവ്ലറിന് പുറമേ യൂറോപ്യൻ യൂണിയൻ മനുഷ്യാവകാശ കമ്മിറ്റി പ്രത്യേക പ്രതിനിധി ഈമൻ ഗിൽമോറും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.

മേരി ലാവ്ലറുടെ ട്വീറ്റ് പങ്കുവെച്ചാണ് യൂറോപ്യൻ യൂണിയൻ പ്രത്യേക പ്രതിനിധി ഗിൽമോർ സംഭവത്തിൽ പ്രതികരിച്ചത്. ''ഇന്ത്യ, സ്റ്റാൻ സ്വാമിയുടെ മരണ വാർത്തയിൽ ഞാൻ വളരെയധികം ദുഖിതനാണ്. രാജ്യത്തെ ആദിവാസ മേഖലയിലെ ജനങ്ങളുടെഅവകാശങ്ങൾക്കായി നിലകൊണ്ടയാളായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒൻപതുമാസമായി അദ്ദേഹം തടവിലായിരുന്നു. യൂറോപ്യൻ യൂണിയൻ ഇന്ത്യയിലെ അധികൃതരുമായി ഈ വിഷയം പലതവണ ഉന്നയിച്ചിരുന്നു. '' ഈമൻ ട്വീറ്റ് ചെയ്തു.

2018 ജനുവരി ഒന്നിന് നടന്ന ഭീമ കൊറേഗാവ് കലാപ കേസിൽ ഗൂഢാലോചന ആരോപിച്ചായിരുന്നു സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. പാർക്കിൻസൺ രോഗബാധിതനായ അദ്ദേഹത്തിന് അടുത്തിടെ കൊവിഡും ബാധിച്ചതിനെ തുടർന്ന് നില വഷളായി. ചികിത്സക്കായി ജാമ്യം ലഭിച്ച അദ്ദേഹം മുംബൈ ഹോളി ഫെയ്ത്ത് ഹോസ്പിറ്റലിൽ വെച്ചാണ് മരിച്ചത്. ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു ഫാദർ സ്റ്റാൻ സ്വാമി. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ്സ്വാമിയുടെ മരണ വിവരം അഭിഭാഷകൻ കോടതിയെ അറിയിച്ചത്.