ബർലിൻ : ജർമ്മൻ മൃഗശാലയിൽ നിന്ന് കാണാതായ റെഡ് പാണ്ടയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ തെർമൽ ഇമേജിംഗ് ഡ്രോണിന്റെ സഹായത്തോടെ പിടികൂടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡൂസ്ബർഗ് മൃഗശാലയിൽ നിന്ന് ജാങ്ങിനെ കാണാതായത്. ജാങ്ങിനെ കണ്ടെത്തിയ വിവരം കഴിഞ്ഞ ദിവസം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മൃഗശാല അധികൃതർ അറിയിച്ചത്. ജാങ്ങിന്റെയും ജാങ്ങിനെ കണ്ടെത്താൻ സഹായിച്ച ഡ്രോണിന്റെയും ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടിരുന്നു.
ജാങ്ങിനെ മൃഗശാലയിൽ നിന്ന് കാണാതായതിന് പിന്നാലെ തിരച്ചിലാനായു വിദഗ്ദ്ധരടങ്ങിയ സംഘത്തെ അധികൃതർ നിയോഗിക്കുകയായിരുന്നു. ബൈനോക്കുലർ, തെർമൽ ഇമേജിംഗ് ക്യാമറ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വനപ്രദേശത്ത് തിരച്ചിൽ നടത്തിയത്. തെർമൽ ഇമേജിംഗ് ഡ്രോൺ വഴി നടത്തിയ ആകാശ നിരീക്ഷണത്തിലാണ് മൃഗശാലയ്ക്ക് അടുത്ത് തന്നെയുള്ള ഒരു കൂറ്റൻ മരത്തിന് മുകളിൽ ജാങ്ങിനെ കണ്ടെത്തിയത്.
തുടർന്ന് ഫയർഫോഴ്സ് അധികൃതരെത്തി ഏറെ പണിപ്പെട്ടാണ് ജാങ്ങിനെ താഴെ എത്തിച്ചത്. പൊതുവെ മൃഗശാല ജീവനക്കാരുടെ നിർദ്ദേശങ്ങൾ വകവയ്ക്കാത്ത പ്രകൃതമാണ് ജാങ്ങിന്. മൃഗശാലയിലെ വെറ്ററിനറി ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷമാണ് ജാങ്ങിനെ വീണ്ടും കൂട്ടിനുള്ളിലാക്കിയത്.
കൂട്ടിനുള്ളഴിൽ കമ്പിവേലിയിലേക്ക് ചാഞ്ഞ് കിടന്ന ചെടിയിൽ പിടിച്ചാണ് ജാങ്ങ് പുറത്ത് ചാടിയതെന്നാണ് കരുതുന്നത്.എന്തായാലും മൃഗശാല അധികൃതരെ ഏറെ വെള്ളം കുടിപ്പിച്ചെങ്കിലും ജാങ്ങിനെ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ഏവരും.
റെഡ് പാണ്ട
വംശനാശ ഭീഷണി നേരിടുന്ന അപൂർവ ഇനം പാണ്ടകളാണ് റെഡ് പാണ്ടകൾ.കിഴക്കൻ ഹിമാലയ മേഖലകളിലും തെക്ക് പടിഞ്ഞാറൻ ചൈനയിലുമാണ് ഇവ കാണപ്പെടുന്നത്. നീണ്ട വാലും ചെമ്പൻ രോമങ്ങളുമാണ് ഇവയുടെ പ്രത്യേകത. സിക്കിമിന്റെ സംസ്ഥാന മൃഗം കൂടിയാണ് പൂച്ചയോളം വലിപ്പമുള്ള റെഡ് പാണ്ടകൾ.