ബീജിംഗ് : ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നൂറാം വർഷം ആഘോഷിക്കുമ്പോൾ രാജ്യം നേടിയ നേട്ടങ്ങളെ കുറിച്ച് ചൈനീസ് മാദ്ധ്യമങ്ങളും, വീഴ്ചകളും പരാജയങ്ങളും പാശ്ചാത്യമാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയാണ്. പാശ്ചാത്യ മാദ്ധ്യമങ്ങളിൽ ചൈനയുടെ ഒരു കുട്ടി നയവും അതിന്റെ ആഘാതങ്ങളെ കുറിച്ചുമുള്ള റിപ്പോർട്ടുകൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ചൈനയുടെ കുപ്രസിദ്ധമായ 'ഒരു കുട്ടി' നയത്തിന്റെ ഫലമായി ദശലക്ഷക്കണക്കിന് കുടുംബങ്ങൾ വാർദ്ധക്യത്തിൽ ഏകാന്തത അനുഭവിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിലെ ആന്ത്രോപോളജി അസിസ്റ്റന്റ് പ്രൊഫസർ ലിഹോംഗ് ഷി നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തലുകളുള്ളത്. ചൈനയുടെ വിവാദമായ ജനസംഖ്യാ നിയന്ത്രണ നയം കാരണം സാമ്പത്തികമായും കുടുംബങ്ങൾ തകർന്നിരിക്കുകയാണ്. വാർദ്ധക്യ കാലത്ത് കുടുംബത്തിന് തണലും, ജീവിതമാർഗവും ആകേണ്ട യുവതലമുറയുടെ എണ്ണത്തിലെ കുറവാണ് ഇതിന് കാരണം. അപകടങ്ങളിലും മറ്റും മകനോ മകളോ നഷ്ടമായ ലക്ഷക്കണക്കിന് പേരും ബുദ്ധിമുട്ടുന്നുണ്ട്. ഈ മാതാപിതാക്കളിൽ 50 നും 60 നും ഇടയിൽ പ്രായമുള്ള ചില ദമ്പതികൾക്ക് ഇനിയൊരു കുട്ടിയെ ആഗ്രഹിക്കാനുമാവില്ല.
1980 നും 2015 നും ഇടയിൽ ജനിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പഠനത്തിനായി ഷി ശേഖരിച്ചത്. 1980 കളിൽ ചൈനയെ അമ്പരപ്പിച്ച ജനസംഖ്യാ വർദ്ധനവാണ് ഒറ്റക്കുട്ടി നയം ശക്തമാക്കാൻ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. ചൈനയുടെ ഈ നിയന്ത്രണങ്ങൾ ജനനനിരക്ക് കുറച്ചിരുന്നു. എന്നാൽ ഇതിൽ ഒളിഞ്ഞിരിക്കുന്ന പോരായ്മകൾ മനസിലാക്കിയതോടെ 2015 ൽ നിയമങ്ങൾ ലഘൂകരിച്ചു. 2021 മേയ് മാസത്തിൽ ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിംഗ്സ് സർക്കാർ ചൈനീസ് ദമ്പതികൾക്ക് പുതിയ മൂന്ന് കുട്ടികളെ വരെയാകാം എന്ന് അനുവദിച്ചു.
വഴിതെറ്റി യുവതലമുറ
മൂന്ന് കുട്ടികളെ വരെയാകാം എന്ന് ഭരണകൂടം അഭിപ്രായപ്പെടുമ്പോഴും രാജ്യത്ത് ജനനങ്ങളുടെ എണ്ണം കുതിച്ചുയരുന്നില്ല എന്നതും സർക്കാരിനെ ചിന്തിപ്പിക്കുന്ന പ്രശ്നമായി. കുട്ടികളെ വളർത്തുന്നതിനും പരിപാലിക്കുന്നതിനും യുവ തലമുറയ്ക്ക് മുൻ തലമുറയേ പോലെ താത്പര്യമില്ലാത്തതാണ് ഇതിനു കാരണമായി കണ്ടെത്തിയിരിക്കുന്നത്. കുട്ടികളെ വളർത്തുന്നതിനുള്ള ഉയർന്ന ചെലവുകൾ, ഓഫീസുകളിലെ ജോലി ഭാരവും, സമയമില്ലായ്മയും ദമ്പതികളെ കൂടുതൽ കുട്ടികളുണ്ടാവുന്നതിൽ നിന്നും അകറ്റുന്നു.
ഒറ്റക്കുട്ടിയായി വീടുകളിൽ ജനിച്ചു വളർന്ന ചൈനയിലെ ഇന്നത്തെ യുവതലമുറ മാനസികമായും ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. യുവാക്കളെ വീടിന്റെ ഒറ്റപ്പെടലുകളിലേക്ക് മാറ്റുകയും, മാതാപിതാക്കളുടെ അമിത വാത്സല്യം ലഭിച്ചതിനാൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത വിഭാഗമാക്കി മാറ്റുകയും ചെയ്യുന്നു. വിവാഹിതരാവാതെ ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്.