കുറഞ്ഞ പലിശ നൽകിയാൽ മതിയെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക്
ന്യൂഡൽഹി: കാലാവധി പിന്നിട്ടിട്ടും ബാങ്കുകളിൽ നിന്ന് പിൻവലിക്കാത്ത സ്ഥിരനിക്ഷേപങ്ങൾക്ക് (എഫ്.ഡി) ഇനിമുതൽ കുറഞ്ഞ പലിശനിരക്ക് നൽകിയാൽ മതിയെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചു. ബാങ്കുകളിൽ ആവശ്യത്തിലധികം നിക്ഷേപം കുമിഞ്ഞുകൂടുന്ന പശ്ചാത്തലത്തിലാണ് നിർദേശം. ഇത്തരം നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുകയും പണം ഉടൻ പിൻവലിച്ച് ക്രയവിക്രയം നടത്താൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും ലക്ഷ്യമിട്ടാണ് പലിശ കുറയ്ക്കുന്നത്.
സേവിംഗ്‌സ് ബാങ്ക് (എസ്.ബി) അക്കൗണ്ടുകളിലെ നിക്ഷേപത്തിന് (ശരാശരി 3-4 ശതമാനം) സമാനമായ പലിശനിരക്ക് നൽകാനാണ് ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുള്ളത്. നിലവിൽ എഫ്.ഡി അക്കൗണ്ടുകൾക്ക് ശരാശരി അഞ്ചു ശതമാനത്തിനുമേൽ പലിശ ലഭ്യമാണ്. കാലാവധി പിന്നിട്ട എഫ്.ഡിയുടെ പലിശ, സേവിംഗ്‌സ് അക്കൗണ്ടിന് തുല്യമാകുന്നത് സാധാരണ ഉപഭോക്താക്കളെ ബാധിക്കും. എന്നാൽ, ബിസിനസ് സ്ഥാപനങ്ങളുടെ ഇത്തരം എഫ്.ഡിയിൽ കോടികളുടെ നിക്ഷേപമുണ്ടാകും. അവയ്ക്ക് മൂന്നു ശതമാനം പലിശ ലഭിച്ചാലും നേട്ടമാണ്.
ഓട്ടോ റിന്യൂവൽ എഫ്.ഡി
അക്കൗണ്ടിനെ ബാധിക്കില്ല
കാലാവധി കഴിയുമ്പോൾ ഓട്ടോമാറ്റിക്കായി അക്കൗണ്ട് പുതുക്കുന്ന 'ഓട്ടോ റിന്യൂവൽ" ഓപ്‌ഷൻ തിരഞ്ഞെടുത്ത എഫ്.ഡി അക്കൗണ്ടുകളെ റിസർവ് ബാങ്കിന്റെ പുതിയ നിർദേശം ബാധിക്കില്ല. പുതിയ സർക്കുലറിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ലെങ്കിലും വൈകാതെ ഇതു സംബന്ധിച്ച വിശദാംശം പുറത്തുവിടുമെന്ന് റിസർവ് ബാങ്ക് വൃത്തങ്ങൾ പറഞ്ഞു.
ഓട്ടോ റിന്യൂവൽ ഓപ്‌ഷൻ
മിക്ക ബാങ്കുകളിലും പുതുതായി എഫ്.ഡി അക്കൗണ്ട് തുടങ്ങിയതും ചെറിയ കാലയളവ് തിരഞ്ഞെടുത്തതുമായ എഫ്.ഡി അക്കൗണ്ടുകളെല്ലാം ഓട്ടോ റിന്യൂവൽ ഓപ്‌ഷനോട് കൂടിയതാണ്. അതായത്, കാലാവധി കഴിയുമ്പോൾ ഉപഭോക്താവ് എഫ്.ഡി അക്കൗണ്ട് ക്ളോസ് ചെയ്‌തില്ലെങ്കിൽ അത് ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും.
കാലാവധി കഴിഞ്ഞിട്ടും എഫ്.ഡി അക്കൗണ്ട് പുതുക്കാത്തവരോ പണം പിൻവലിക്കാത്തവരോ ആയ വ്യക്തികൾ താരതമ്യേന കുറവാണ്. കോടികളുടെ നിക്ഷേപവുമായി ബിസിനസ് സംരംഭങ്ങളാണ് 'മെച്യൂഡ് എഫ്.ഡി"യ്ക്ക് പൊതുവേ ഉടമസ്ഥർ.
നിലവിലെ പലിശനിരക്ക്
(ഒരുവർഷ നിക്ഷേപം - ശരാശരി നിരക്ക്)
എഫ്.ഡി : 5.2%
സേവിംഗസ് അക്കൗണ്ട് : 2.9%