rafale-

ന്യൂഡൽഹി : 2019ൽ ഇന്ത്യയുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ച പുൽവാമ ആക്രമണത്തിന് ബലാക്കോട്ടിലെ ഭീകര കേന്ദ്രങ്ങളെ തച്ചു തകർത്താണ് ഇന്ത്യ പകരം വീട്ടിയത്. ഈ ദൗത്യത്തിന് ഇന്ത്യ നിയോഗിച്ചത് മിറാഷ് യുദ്ധവിമാനമായിരുന്നു. എന്നാൽ ഇന്ന് മിറാഷുകളുടെ തറവാട്ടിൽ നിന്നും കരുത്തരായ റഫാലുകളെയും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ബലാക്കോട്ട് സംഭവങ്ങളുണ്ടായപ്പോൾ ഇന്ത്യയിൽ റഫാലുകളുണ്ടായിരുന്നെങ്കിൽ പാകിസ്ഥാന്റെ അവസ്ഥ മറ്റൊന്നായേനെ എന്ന വിലയിരുത്തലാണ് ഈ രംഗത്തെ വിദഗ്ദ്ധർക്ക് ഉള്ളത്.

ബലാക്കോട്ടിലെ ഇന്ത്യൻ മിന്നലാക്രമണത്തിന് പിന്നാലെ ഇന്ത്യൻ അതിർത്തിയിലേക്ക് പാക് വ്യോമസേന നിരവധി വിമാനങ്ങലെ നിയോഗിച്ചിരുന്നു. എന്നാൽ മിഗ് വിമാനങ്ങളെ ഉപയോഗിച്ച് ഇന്ത്യ ഈ നീക്കത്തെ പരാജയപ്പെടുത്തുകയും, പാകിസ്ഥാൻ എഫ് 16 വിമാനത്തെ വെടിവച്ചിടുകയും ചെയ്തു. സംഭവത്തിൽ ഇന്ത്യൻ വിമാനവും തകർന്ന് വീണിരുന്നു. ഇന്ത്യൻ പൈലറ്റ് പാകിസ്ഥാന്റെ പിടിയിലായെങ്കിലും മണിക്കൂറുകൾക്കകം ഇന്ത്യയ്ക്ക് കൈമാറാൻ പാകിസ്ഥാൻ നിർബന്ധിതരായി.

ബലാക്കോട്ടിന് പിന്നാലെയുള്ള അതിർത്തിയിലെ ഏറ്റുമുട്ടലിൽ റഫാലുകളാണ് ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയെങ്കിൽ പാകിസ്ഥാന് പകുതി വിമാനങ്ങളെയെങ്കിലും നഷ്ടമായേനെ എന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. മുൻ വ്യോമസേനാ മേധാവി എ വൈ ടിപ്നിസിനും മറിച്ചൊരഭിപ്രായമില്ല. ബലാക്കോട്ട് ആക്രമണത്തിന് പിന്നാലെ അവന്തിപോറ താവളമായ ശ്രീനഗറിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് 24 പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുവന്നത്. ജെഎഫ് 17, എഫ് 16 വിമാനങ്ങൾ ഉൾപ്പെടെയായിരുന്നു ഇത്. അക്കാലത്ത് ഇന്ത്യക്ക് റാഫേൽ ഉണ്ടായിരുന്നെങ്കിൽ അതിൽ 12 വിമാനങ്ങളെങ്കിലും തിരികെ പാകിസ്ഥാനിലേക്ക് പറക്കുക ഇല്ലായിരുന്നുവെന്ന് എയർ മാർഷൽ ടിപ്നിസ് അഭിപ്രായപ്പെട്ടു.

റഫാൽ വിമാനങ്ങൾ നിർമ്മിക്കപ്പെട്ടിട്ട് 35 വർഷം തികയുന്ന വേളയിലാണ് ഇന്ത്യ കുറച്ച് നേരത്തേ ഈ കരുത്തൻമാരെ സ്വന്തമാക്കണമെന്ന അഭിപ്രായം വിദഗ്ദ്ധർ പങ്കുവയ്ക്കുന്നത്. ഫ്രഞ്ച് വ്യോമസേനയുടെ നട്ടെല്ലാണ് റഫാൽ വിമാനങ്ങൾ. ഫ്രാൻസുമായി ഉറ്റ ബന്ധമുളള രാജ്യങ്ങൾക്ക് മാത്രമാണ് ഈ വിമാനം കൈമാറിയിട്ടുള്ളത്. ഫ്രഞ്ച് എയ്‌റോസ്‌പേസ് ഭീമനായ ദസാൾട്ട് ഏവിയേഷനാണ് റാഫേൽ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നത്. ലോകത്തിലെ ഏറ്റവും നൂതനവും വിശ്വസനീയവുമായ യുദ്ധവിമാനമായി കണക്കാക്കപ്പെടുന്നു. അമേരിക്കയുടെ എഫ് 16 വിമാനങ്ങളേക്കാളും ഒരു പടി മുന്നിലാണ് റഫാൽ.