fathima-thahiliya

മലപ്പുറം: ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എം.എസ്.എഫ് ദേശീയ വെെസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. ഈ കൊവിഡ് കാലത്തും ആശുപത്രികൾക്ക് ആവശ്യമായ ഫണ്ട് നൽകാതെ ബുദ്ധിമുട്ടിക്കുകയാണ് സർക്കാർ. സർക്കാർ ഫണ്ട് കാത്ത് നിന്നാൽ ഒന്നും നടക്കില്ലെന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിൽ. എന്തെങ്കിലും വികസനം നടക്കണമെങ്കിൽ പൊതു ജനങ്ങളോട് കൈ നീട്ടേണ്ട ഗതികേടിലാണ് നമ്മുടെ ആശുപത്രികളെന്നും തഹിലിയ ഫേസ്ബുക്കിൽ കുറിച്ചു.

ഫാത്തിമ തഹിലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറത്തെ ആശുപത്രികളിൽ അടിസ്‌ഥാന സൗകര്യം വർധിപ്പിക്കാനായി പൊതു ജനങ്ങളിൽ നിന്ന് സംഭാവന അവശ്യപ്പെട്ടിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഈ കൊറോണ കാലത്തും ആശുപത്രികൾക്ക് ആവശ്യമായ ഫണ്ട് നൽകാതെ ബുദ്ധിമുട്ടിക്കുകയാണ് സർക്കാർ. സർക്കാർ ഫണ്ട് കാത്ത് നിന്നാൽ ഒന്നും നടക്കില്ലെന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിൽ. ആശുപത്രിയിൽ എന്തെങ്കിലും വികസനം നടക്കണമെങ്കിൽ പൊതു ജനങ്ങളോട് കൈ നീട്ടേണ്ട ഗതികേടിലാണ് നമ്മുടെ ആശുപത്രികൾ.

സർക്കാർ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാൻ ജനകീയ സഹകരണത്തോടെ ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ‘മലപ്പുറത്തിന്റെ പ്രാണവായു’ പദ്ധതിയുടെ ഉദ്ഘാടനത്തിനു പിന്നാലെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. 'പ്രാണവായു' പദ്ധതിയുടെ ഉദ്ഘാടനം നടൻ മമ്മൂട്ടി ഇന്ന് ഓൺലൈനിലൂടെയാണ് നിർവഹിച്ചത്. പദ്ധതിയിലേക്ക് സഹായം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ പേരിൽ അകൗണ്ട് തുറന്നിരുന്നു.