covid-vaccine-

മുംബയ് : കൊവിഡ് വാക്സിനെടുക്കുന്നവരിൽ പാർശ്വഫലങ്ങളുണ്ടെന്ന ഭീതിയാൽ ആളുകൾ കുത്തിവയ്പ്പ് എടുക്കാൻ മടിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വാക്സിൻ എടുത്തതോടെ നഷ്ടപ്പെട്ട കാഴ്ച തനിക്ക് തിരികെ ലഭിച്ചു എന്ന അനുഭവവുമായി രംഗത്ത് വന്നിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു വീട്ടമ്മ. ഒൻപത് വർഷം മുൻപ് നഷ്ടമായ കാഴ്ചയാണ് കോവ്ഷീൽഡ് വാക്സിൻ എടുത്തതിലൂടെ തിരികെ ലഭിച്ചതെന്നാണ് വീട്ടമ്മയുടെ അവകാശവാദം.

മഹാരാഷ്ട്രയിലെ വാഷിം ജില്ലയിൽ നിന്നുള്ള മഥുരാബായ് ബിദ്‌വേ എന്ന എഴുപത് കാരിക്ക് ഒൻപത് വർഷം മുമ്പ് തിമിരം ബാധിച്ചാണ് കാഴ്ച നഷ്ടമായത്. എന്നാൽ കോവിഷീൽഡ് കുത്തിവയ്പ്പ് എടുത്ത ശേഷം നഷ്ടപ്പെട്ട കാഴ്ചശക്തി ഭാഗികമായി തിരികെ ലഭിച്ചുവെന്ന് അവർ അവകാശപ്പെടുന്നു. ജൂൺ 26 നാണ് ഇവർ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചത്. പിറ്റേ ദിവസം തന്നെ ഭാഗീകമായി കാഴ്ച തിരികെ ലഭിച്ചു. കാഴ്ചാ ശേഷി മുപ്പത് മുതൽ നാൽപത് ശതമാനം വരെ ഒരു കണ്ണിൽ തിരിച്ചെത്തിയെന്ന് പ്രമുഖ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.

വാക്സിനേഷനുശേഷം തന്റെ ശരീരത്തിൽ കാന്തികശക്തി കൈവന്നു എന്ന അവകാശവുമായി കുറച്ച് ദിവസങ്ങൾക്ക് മുൻപ് 71 കാരൻ രംഗത്ത് വന്നിരുന്നു. അരവിന്ദ് സോനാർ എന്നയാളാണ് ലോഹ വസ്തുക്കൾ ശരീരത്തിൽ പറ്റിനിൽക്കുന്നുവെന്ന് അവകാശപ്പെട്ട് എത്തിയത്.