റിയോ ഡി ജനീറോ: കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ഫൈനലില്‍ കടന്നു. സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് നിലവിലെ ചാമ്പ്യന്മാരുടെ ഫൈനല്‍ പ്രവേശനം. ലുക്കാസ് പക്വേറ്റയാണ് ബ്രസീലിനു വേണ്ടി വിജയ ഗോൾ സമ്മാനിച്ചത്.
കളിയുടെ മുപ്പത്തിഅഞ്ചാം മിനുട്ടിലായിരുന്നു പക്വേറ്റ ഗോൾ നേടിയത്. മൈതാന മദ്ധ്യത്തു നിന്ന് റിച്ചാര്‍ലിസന്‍ നല്‍കിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ നെയ്മർ ബോക്‌സില്‍വെച്ച് നല്‍കിയ പാസ് പക്വേറ്റ വലയിൽ എത്തിക്കുകയായിരുന്നു. മത്സരത്തിലുടനീളം ബ്രസീലിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പെറുവിനായി. അതേസമയം, ഇരു ടീമിലെയും ഗോള്‍കീപ്പര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.
ബുധനാഴ്ച പുലര്‍ച്ചെ നടക്കുന്ന രണ്ടാം സെമിയില്‍ അര്‍ജന്റീന- കൊളംബിയ മത്സര വിജയികളെ ബ്രസീല്‍ ഫൈനലില്‍ നേരിടും. 2007ന് ശേഷം കോപ്പ അമേരിക്കയില്‍ മറ്റൊരു ബ്രസീല്‍-അര്‍ജന്റീന ഫൈനലിന് വഴിയൊരുങ്ങുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.