owaisi

ലക്നൗ : അടുത്ത വർഷം യു പിയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസ് ഇറ്റെഹാദുൽ മുസ്ലിമീൻ(എ.ഐ.ഐ.എം.എം) യുപിയിൽ ഓഫീസ് തുറക്കും. ജൂലായ് എട്ടിനാണ് ഓഫീസിന്റെ ഉദ്ഘാടനം. തിരഞ്ഞെടുപ്പിൽ നൂറ് സീറ്റുകളിൽ മത്സരിക്കുമെന്നാണ് അസദുദ്ദീൻ ഒവൈസി പ്രഖ്യാപിച്ചിട്ടുള്ളത്. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലാണ് ഓഫീസ് തുറക്കുന്നത്.

പശ്ചിമ ബംഗാളിലും ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഒവൈസിയുടെ പാർട്ടി മത്സരിച്ചിരുന്നു. രാജ്യവ്യാപകമായി തങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാനാണ് മത്സരിക്കുന്നതെന്നാണ് ഒവൈസിയുടെ അവകാശവാദം. എന്നാൽ ന്യൂനപക്ഷ മേഖലകളിൽ മത്സരിച്ച് ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യമാണ് ഒവൈസിയ്ക്കുള്ളതെന്നതാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേസമയം ബി ജെ പിയെ നിശിതമായി വിമർശിക്കുക എന്നതാണ് ഒവൈസിയുടെ ശൈലി.

യുപിയിൽ ഓഫീസ് തുറക്കാൻ ഒവൈസിയുടെ പാർട്ടി കണ്ടെത്തിയ സ്ഥലത്തിനും ഏറെ പ്രത്യേകതയുണ്ട്. ബഹ്‌റൈച്ച് ജില്ലയിലെ ജനസംഖ്യയിൽ നാൽപ്പത് ശതമാനത്തോളം മുസ്ലീങ്ങളാണ്. അതേസമയം ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടിയുമായി ഒവൈസി സഖ്യത്തിലേർപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്. ദളിത് വിഭാഗങ്ങളുടെ പിന്തുണയുള്ള പത്തോളം ചെറു പാർട്ടികളെ കൂട്ടിയിണക്കിയാണ് ഓം പ്രകാശ് രാജ്ഭർ ഇക്കുറി പോരിനിറങ്ങുന്നത്.

2017 ലെ യുപി തെരഞ്ഞെടുപ്പിൽ 38 നിയമസഭാ സീറ്റുകളിലാണ് ഒവൈസിയുടെ പാർട്ടി മത്സരിച്ചത്. എന്നാൽ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല. ഇതോടെ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പാർട്ടി ഒഴിവാക്കി, എന്നിരുന്നാലും ബിജെപിക്കെതിരെ പ്രചരണം നടത്താൻ ഒവൈസി എത്തിയിരുന്നു.

2017 ൽ 39.67 ശതമാനം വോട്ട് സ്വന്തമാക്കി ബിജെപി 312 സീറ്റുകൾ നേടിയാണ് അധികാരം പിടിച്ചെടുത്തത്. അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബി ജെ പി മിന്നും ജയം സ്വന്തമാക്കിയത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.