narendra-modi

ന്യൂഡൽഹി: മാദ്ധ്യമ സ്വാതന്ത്ര്യത്തെ വൻതോതിൽ തകർത്ത 37 രാഷ്ട്രത്തലവൻമാരുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഗ്ലോബൽ മീഡിയ വാച്ച്‌ഡോഗ്, റിപ്പോർട്ടേഴ്‌സ് സാൻസ് ഫ്രണ്ടിയേഴ്‌സ് (ആർ.എസ്.എഫ്) പ്രസിദ്ധീകരിച്ച പട്ടികയിലാണ് മോദിയെ ഉൾപ്പെടുത്തിയത്. പട്ടികയിലെ നേതാക്കളെ 'മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ ഇരപിടിയന്മാർ' എന്നാണ് ആർ.എസ്.എഫ് മുദ്രകുത്തിയിരിക്കുന്നത്.

മോദിയെ കൂടാതെ, ഈ വർഷത്തെ പട്ടികയിൽ ഉത്തര കൊറിയയുടെ കിം ജോം​ഗ് ഉൻ, ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എന്നിവരും ഉൾപ്പെടുന്നു. സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ എന്നിവരെയും പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ ഇരപിടിയന്മാരുടെ പട്ടികയിൽ 2014ലിൽ മോദി അധികാരത്തിൽ എത്തിയതുമുതൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പടിഞ്ഞാറൻ സംസ്ഥാനങ്ങളെ വാർത്താ വിവര നിയന്ത്രണ മാർഗങ്ങളുടെ ഒരു ലബോറട്ടറിയായി മോദി ഉപയോഗിച്ചതായി ആർ.എസ്.എഫ് കുറ്റപ്പെടുത്തുന്നു.

തന്റെ പ്രത്യയശാസ്ത്രത്തെ നിയമാനുസൃതമാക്കുന്ന പ്രസംഗങ്ങളും വിവരങ്ങളും മുഖ്യധാരാ മാദ്ധ്യമങ്ങളിൽ നിറയ്ക്കുക എന്നതാണ് മോദിയുടെ പ്രധാന ആയുധം. ഇതിനായി വിശാലമായ മാദ്ധ്യമ സാമ്രാജ്യങ്ങളുടെ ഉടമസ്ഥരായ ശതകോടീശ്വര വ്യവസായികളുമായി അദ്ദേഹം അടുത്ത ബന്ധം വളർത്തിയെടുത്തതായും ആർ.എസ്.എഫ് പറയുന്നു.

മോദിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാർട്ടി സർക്കാരിനെ വിമർശിച്ചാൽ ഇന്ത്യയിലെ മാദ്ധ്യമപ്രവർത്തകർക്ക് ജോലി നഷ്ടപ്പെടും. റെക്കോർഡ് കാഴ്ചക്കാരെ നേടുന്നതിന് മോദിയുടെ “അങ്ങേയറ്റം ഭിന്നിപ്പിക്കുന്നതും അവഹേളിക്കുന്നതുമായ പ്രസംഗങ്ങൾക്ക് ചില മാദ്ധ്യമങ്ങൾ എങ്ങനെയാണ് പ്രമുഖ കവറേജ് നൽകിയതെന്നും ഇത് എടുത്തുകാണിക്കുന്നതായി ആർ.എസ്.എഫ് ചൂണ്ടിക്കാട്ടുന്നു.