stan-swamy

ന്യൂഡൽഹി: യു എ പി എ കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലായിരുന്ന മനുഷ്യാവകാശ പ്രവർത്തകനും പുരോഹിതനുമായ സ്റ്റാൻ സ്വാമിയുടെ മരണം വിവാദമായതിനെതുടർന്ന് കേന്ദ്ര സർക്കാർ വിശദീകരണവുമായി രംഗത്ത്. അവകാശങ്ങൾ നിയമാനുസൃതമായി നടപ്പാക്കുന്നതിനെതിരെയല്ല, മറിച്ച് നിയമലംഘനങ്ങൾക്കെതിരെയാണ് ഇന്ത്യയിൽ നടപടിയെടുക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കി. സ്റ്റാൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേന്ദ്രസർക്കാരിന്റെ ആദ്യ പ്രതികരണമാണിത്.

നിയമാനുസൃതമായി തന്നെയാണ് സ്റ്റാൻ സ്വാമിയെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. എന്നാൽ അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പ്രത്യേകത കാരണമാണ് കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരന്തരം നിരസിച്ചുകൊണ്ടിരുന്നത്. ഇന്ത്യയിൽ അധികൃതർ പ്രവർത്തിക്കുന്നത് നിയമലംഘനങ്ങൾക്കെതിരെയാണ്, അല്ലാതെ നിയമാനുസൃതമായി അവകാശങ്ങൾ വിനിയോഗിക്കുന്നതിന് എതിരെയല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

എൽഗർ പരിഷത്ത് കേസിൽ യു എ പി എ കുറ്റം ചുമത്തിയായിരുന്നു സ്റ്റാൻ സ്വാമിയെ ഒക്ടോബർ 2020ൽ എൻ ഐ എ അറസ്റ്റ് ചെയ്യുന്നത്. തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സ്റ്റാൻ സ്വാമി ആശുപത്രിയിൽ വച്ച് മരണമടയുന്നത്. സ്റ്റാൻ സ്വാമിയുടെ മരണത്തെ തുടർന്ന് അഭിപ്രായ സ്വാതന്ത്ര്യത്തിന് ആരെയും തടങ്കലിൽ വയ്ക്കരുതെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷണർ ഓഫീസ് ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.