കടയ്ക്കാവൂർ: നെടുങ്ങണ്ട പ്ലാവഴികം ജംഗ്ഷന് സമീപത്തുള്ള ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. കഴിഞ്ഞദിവസം രാവിലെ കിണർ വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് ഇവ ആദ്യം കണ്ടത്. 50ന് മേൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹത്തിന് മൂന്നുമാസത്തിലധികം പഴക്കമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.
വിദേശത്ത് താമസിക്കുന്ന വീട്ടുടമസ്ഥർ നാട്ടിൽ സ്ഥിരതാമസത്തിനെത്തുന്നതിന് മുന്നോടിയായി വീടും പുരയിടവും വൃത്തിയാക്കാൻ തൊഴിലാളികളെ ഏർപ്പാടാക്കിയിരുന്നു. കിണറ്റിനുള്ളിലെ പാഴ്‌ച്ചെടികൾ വൃത്തിയാക്കുന്നതിനിടെ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തൊഴിലാളികൾ നടത്തിയ തെരച്ചിലിൽ ആദ്യം കൈപ്പത്തിയുടെ അവശിഷ്ടം ലഭിക്കുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിനെയും ജനപ്രതിനിധികളെയും വിവരം അറിയിച്ചു. അഞ്ചുതെങ്ങ് പൊലീസും വർക്കല ഫയർ ആൻഡ് റെസ്‌ക്യൂ ടീമും സ്ഥലത്തെത്തിയാണ് മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും സമീപത്തെ സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും അഞ്ചുതെങ്ങ് എസ്.എച്ച്.ഒ ചന്ദ്രദാസ് അറിയിച്ചു.
വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹാവശിഷ്ടങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലാ റൂറൽ അഡീഷണൽ എസ്.പി. ഇ.എസ്. ബിജുമോൻ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.