ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിദിന രോഗബാധയിൽ ഇന്ന് നേരിയ വർദ്ധന. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 40,000ൽ താഴെയായിരുന്നു രോഗനിരക്കെങ്കിൽ ഇന്ന് 43,733 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും രോഗ നിരക്ക് ഉയർന്ന് തന്നെ നിൽക്കുകയാണ്. ഇത് മൂന്നാം തരംഗത്തിന്റെ സൂചനകളാണോ എന്ന ആശങ്കയുണ്ട്.
930 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണമടഞ്ഞവർ 4.4 ലക്ഷം കടന്നു. 47,240 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവർ 2.97 കോടിയായി. ആക്‌ടീവ് കേസ് ലോഡ് കഴിഞ്ഞ 102 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 4,59,920 ആണിത്. രോഗമുക്തി നിരക്ക് 97.18 ശതമാനമാണ്.
ഇന്ന് ഏറ്റവുമധികം രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ് 14, 373. പിന്നിലായി മഹാരാഷ്‌ട്ര 8418 കേസുകൾ.തമിഴ്‌നാട്ടിൽ 3479 കേസുകളും കർണാടകയിൽ 3104ഉം, ആന്ധ്രാ പ്രദേശിൽ 3042മാണ് പ്രതിദിന കൊവിഡ് കണക്ക്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കൊവിഡ് അതിവേഗം പടരുന്നതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. രാജ്യത്ത് ടിപിആർ 10ന് മുകളിലുളള 61 ജില്ലകൾ ഇവിടെയാണ്. ആകെ 73 ജില്ലകളിലാണ് ടിപിആർ പത്തിന് മുകളിലെത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36 ലക്ഷം വാക്‌സിനുകൾ രാജ്യത്ത് നൽകി. ഇതോടെ ആകെ വാക്‌സിൻ വിതരണം ചെയ്‌തത് 36.13 കോടി ഡോസുകളായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.