prakashananda

തിരുവനന്തപുരം: ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. 99 വയസായിരുന്നു. വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റായിരുന്നു. വൈകിട്ട് അഞ്ചിന് ശിവഗിരിയില്‍ അദ്ദേഹത്തെ സമാധിയിരുത്തും.

ശ്രീനാരായണഗുരുവിന്‍റെ ആശയങ്ങളില്‍ ആകൃഷ്‌ടനായി ഇരുപത്തിമൂന്നാം വയസിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. അന്ന് മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ കീഴിലാണ് മഠത്തില്‍ വൈദികപഠനം നടത്തിയത്. ഗുരുദേവനില്‍ നിന്നും നേരിട്ട് സന്യാസദീക്ഷ സ്വീകരിച്ചയാളാണ് ശങ്കരാനന്ദ. സ്വാമി പ്രകാശാനന്ദ കൊല്ലം പുറവന്തൂര്‍ സ്വദേശിയാണ്. കുമാരന്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്.

കേരളത്തിൽ ഇന്നുള്ള സന്ന്യാസി ശ്രേഷ്‌ഠൻമാരിൽ ഏറ്റവും തലമുതിർന്ന ആളായിരുന്നു പ്രകാശാനന്ദ. വർക്കല ശിവഗിരി മഠത്തിന്‍റെ പ്രശസ്‌തി ആഗോളതലത്തിൽ എത്തിച്ചയാളായിരുന്നു അദ്ദേഹം. രണ്ട് വര്‍ഷത്തോളം ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് വര്‍ക്കല ശ്രീ നാരായണ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.