തിരുവനന്തപുരം: സെക്രട്ടറിയേറ്റ് റവന്യൂ വകുപ്പില്‍ കൂട്ടസ്ഥലംമാറ്റം. മുട്ടില്‍ മരംമുറി സംബന്ധിച്ച ഫയലുകള്‍ വിവരാവകാശ പ്രകാരം നല്‍കിയ അണ്ടര്‍ സെക്രട്ടറി അടക്കം അഞ്ചുപേരെയാണ് മാറ്റിയത്. റവന്യൂ സെക്രട്ടറിയുടെ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് സ്ഥലംമാറ്റത്തിന് ഉത്തരവിട്ടത്.
കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജെ ബെൻസിയെ കാർഷിക കടാശ്വാസ കമ്മിഷനിലേക്ക് മാറ്റി. മരംമുറി ഫയലുകൾ വിവരാവകാശം വഴി നൽകിയ അണ്ടർ സെക്രട്ടറി ശാലിനിയെ മറ്റൊരു വകുപ്പിലേക്കും മാറ്റി. മൂന്നു വർഷം വകുപ്പിൽ പൂർത്തിയാക്കിയവരെയാണ് സഥലം മാറ്റിയതെന്നാണ് സർക്കാർ വിശദീകരണം.
അതേസമയം, അനധികൃത മരം മുറിയിൽ കർഷകർക്കെതിരെയും കേസെടുക്കാം എന്ന ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വനംവകുപ്പ് നടപടി തുടങ്ങി. ഏതൊക്കെ പട്ടയഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്നും ഭൂമിയുടെ ഉടമസ്ഥനാരെന്നുമാണ് അന്വേഷിക്കുന്നത്.