മുംബയ്: കൊവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം തനിക്ക് കാന്തിക ശക്തി ലഭിച്ചുവെന്ന് അവകാശവാദമുന്നയിച്ച് ആഴ്ചകൾക്ക് മുൻപ് മഹാരാഷ്ട്രയിൽ നിന്നുള്ള എഴുപതുകാരൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വാക്‌സിനെടുത്തതിന് പിന്നാലെ വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട കാഴ്ച ശക്തി തിരിച്ചുകിട്ടിയെന്ന് അവകാശവദമുന്നയിച്ചിരിക്കുകയാണ് എഴുപതുകാരി.
മഹാരാഷ്ട്രയിലെ വാഷിം ജില്ലയിൽ നിന്നുള്ള മഥുരാബായ് ബിദ്‌വേ എന്ന സ്ത്രീയാണ് കാഴ്ചശക്തി ഭാഗികമായി തിരിച്ചു കിട്ടിയതായി അവകാശപ്പെടുന്നത്. ഒൻപതുവർഷം മുൻപ് തിമിരം ബാധിച്ചാണ് ജൽന ജില്ലയിലെ പാർത്തൂർ സ്വദേശിയായ ബിദ്‌വെയുടെ കാഴ്ച ശക്തി നഷ്ടമായത്.
ജൂൺ 26നായിരുന്നു വയോധിക കോവിഷീൽഡിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. തൊട്ടടുത്ത ദിവസം ഒരു കണ്ണിൽ 30 മുതൽ 40 ശതമാനം വരെ കാഴ്ച തിരികെ ലഭിച്ചതായി അവർ അവകാശപ്പെട്ടതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. വാക്‌സിനെടുത്ത ശേഷം കാഴ്ചശക്തി വീണ്ടെടുക്കുമെന്ന അവകാശവാദത്തിന് ശാസ്ത്രീയ അടിത്തറയൊന്നുമില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.