ന്യൂഡൽഹി: കൊവിഡിന്റെ ഡെൽറ്റ പ്ളസ് വകഭേദം ലോകമെങ്ങും നാശം വിതച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ വൈറസിന്റെ പുതിയ വകഭേദം പെറുവിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ലാമ്പഡ എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ വകഭേദത്തെ പെറുവിലെ 80 ശതമാനം കൊവിഡ് രോഗികളിൽ നിന്നും കണ്ടെത്തിയതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു. അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലെ റിപ്പോർട്ടുകൾ അനുസരിച്ച് ഇപ്പോൾ തന്നെ ഏകദേശം 27 ഓളം രാജ്യങ്ങളിലേക്ക് ഈ വൈറസ് ബാധ പെറുവിൽ നിന്നും പകർന്നിട്ടുണ്ട്.
ചിലി, സാന്റിയാഗോ സർവകലാശാലകളിൽ നടത്തിയ പഠനമനുസരിച്ച് പുതിയ വൈറസ് ആൽഫ, ഗാമ വകഭേദങ്ങളെക്കാൾ അപകടകാരിയാണ്. മറ്റുള്ള എല്ലാ വകഭേദങ്ങളെക്കാളും വേഗത്തിൽ പടർന്നുപിടിക്കാനും ശരീരത്തിലെ ആന്റിബോഡികളിൽ നിന്ന് മറഞ്ഞിരിക്കാനുള്ള കഴിവു ലാമ്പഡ വകഭേദത്തിനുണ്ട്. അതിനാൽ തന്നെ നിലവിലുള്ള വാക്സിനുകൾ ഈ വൈറസിനെതിരെ എത്രത്തോളം ഫലപ്രദമാകുമെന്ന് സംശയമുണ്ട്.
ലോക ആരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് 2020ൽ തന്നെ ലാമ്പഡ വകഭേദത്തെ കണ്ടെത്തിയിരുന്നു. യു കെയിൽ ഇതിനോടകം തന്നെ ആറു പേരിൽ ലാമ്പഡ വൈറസിന്റെ കണികകൾ കണ്ടെത്തിയിട്ടുണ്ട്.