മിഷിഗൻ: കൃത്യസമയത്ത് മുന്നറിയിപ്പ് നൽകി ഉപയോഗിക്കുന്നയാളുടെ ജീവൻ രക്ഷപ്പെടുത്തി വീണ്ടും ആപ്പിൾ വാച്ച്. ഇത്തവണ അമേരിക്കയിലെ മിഷിഗനിലാണ് അത്തരം സംഭവമുണ്ടായത്. ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നതായും ഹൃദയാഘാതമുണ്ടായെന്നും മിഷിഗൻ സ്വദേശിനി ഡയാൻ ഫീസ്റ്റ്‌റയ്‌ക്ക് ആപ്പിൾ സ്‌മാർട് വാച്ച് മുന്നറിയിപ്പ് നൽകി.
കഷ്‌ടിച്ച് 10 അടി വീട്ടിലെ പടിക്കെട്ടിലൂടെ നടക്കുക മാത്രമാണ് ഫീസ്‌റ്ററ ചെയ്‌തത്. പ്രത്യേകിച്ച് ക്ഷീണമൊന്നും തോന്നാതിരുന്ന അവർക്ക് സംശയമായി. ജോലിക്ക് പോയിരുന്ന ഭർത്താവിന്റെ വിളിച്ച് ഫീസ്‌റ്ററ സംസാരിച്ചു. ഡോക്‌ടറെ കാണുന്നതാണ് നല്ലത് എന്ന് ഭർത്താവും അറിയിച്ചു. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിയ അവരെ ഡോക്‌ടർമാർ വിശദമായി പരിശോധിച്ചു. അതോടെ വാച്ച് നൽകിയ മുന്നറിയിപ്പ് സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു. ശരിക്കും ഫീസ്‌റ്ററയ്‌ക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു.
തന്റെ ഇടത് കൈയിൽ വേദനയും ഇടത് കാലിൽ നീരും മാത്രമാണ് ലക്ഷണമായി തോന്നിയതെന്ന് ഡയാൻ പറയുന്നു. ചെറിയ തോതിൽ ദഹനക്കേടുമുണ്ടായി. ഏപ്രിൽ 22നായിരുന്നു ഇങ്ങനെ സംഭവിച്ചത്. കൂടുതൽ പരിശോധനയിൽ ഹൃദയത്തിൽ ബ്ളോക്കുളളതായി കണ്ടെത്തി. ചികിത്സയിലൂടെ പരിഹരിക്കുകയും ചെയ്‌തു.
ഇതാദ്യമായല്ല ആപ്പിൾ വാച്ചുകൾ ജീവൻ രക്ഷിക്കുന്ന വാർത്തകൾ പുറത്തുവരുന്നത് മുൻപൊരിക്കൽ അടിയന്തര ഘട്ടത്തിൽ വൃദ്ധന് സഹായമായി ആപ്പിൾ വാച്ച് മാറിയ വാർത്തയും പുറത്തുവന്നിരുന്നു. ബോധരഹിതനായി വീണ 78കാരനായ വൃദ്ധന്റെ വാച്ച് തൊട്ടടുത്തുളള പൊലീസിന് അപായ സന്ദേശം അയച്ചു. ഉടൻതന്നെ എത്തിയ പൊലീസ് വൃദ്ധനെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു.