തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിന് ക്ലൈമാക്‌സായില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശ്വസ്‌തനായിരുന്ന എം ശിവശങ്കറിന്‍റെ സസ്‌പെൻഷൻ കാലാവധി മറ്റന്നാൾ അവസാനിക്കും. ജാമ്യത്തിലിറങ്ങിയ ശേഷം പുറം ലോകം കാണാതെ ഏകാന്തനായി ജീവിക്കുന്ന ശിവശങ്കർ സർക്കാർ സർവീസിലേക്ക് തിരികെ വരുമോയെന്നാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ നിയന്ത്രിച്ചിരുന്ന ശക്തിയായ ശിവശങ്കറിനെ സർവീസിലേക്ക് തിരികെയെടുത്താൽ സർക്കാർ രാഷ്‌ട്രീയമായി എതിർപ്പുകൾ നേരിടേണ്ടി വരും. എതിർ സ്വരങ്ങളൊക്കെയും മുഖ്യമന്ത്രിയെ തന്നെ ലക്ഷ്യമിട്ടായിരിക്കും ഉടലെടുക്കുക.എന്നാൽ സസ്പെൻഷൻ ഒരു വർഷമാകുമ്പോൾ ഇനി നീട്ടാൻ സംസ്ഥാനസർക്കാരിന് നിയമപരമായ തടസമുണ്ടെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു. വിവാദമുണ്ടായതിന് ശേഷം ശിവശങ്കർ പരസ്യപ്രതികരണം നടത്തിയിട്ടില്ലയെന്നതും ശ്രദ്ധേയമാണ്. 2023 ജനുവരി വരെയാണ് ശിവശങ്കറിന് സർവ്വീസ് കാലാവധിയുളളത്.
ശിവശങ്കറിന്‍റെ അറസ്റ്റോടെയാണ് സ്വർണക്കടത്ത് കേസിൽ സർക്കാർ പ്രതിരോധത്തിലായത്. അറസ്റ്റിന് ശേഷം 98 ദിവസത്തെ ജയിൽ വാസം കഴിഞ്ഞാണ് ഫെബ്രുവരി നാലിന് ശിവശങ്കർ ജാമ്യത്തിൽ പുറത്തിറങ്ങിയത്. സ്വപ്‌ന അനധികൃതപണമിടപാടുകൾ നടത്തിയത് ശിവശങ്കറിന് വേണ്ടിയെന്നാണ് ഇ ഡിയുടെ നിഗമനം. സ്വപ്‌നയുടെ ലോക്കറിൽ കണ്ടെത്തിയ പണം ലൈഫ് മിഷനിൽ ശിവശങ്കറിന് കിട്ടിയ കമ്മിഷനെന്നാണ് ഇ ഡി പറയുന്നത്. സ്വർണക്കടത്തിന് ശിവശങ്കർ ഒത്താശ ചെയ്‌തുവെന്ന് പറയുന്ന കസ്റ്റംസ് ഇപ്പോൾ അദ്ദേഹത്തിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. അതേസമയം, എൻ ഐ എ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയോ സാക്ഷിയോ ആയില്ല.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ ആരോപണത്തിൽ വിജിലൻസ് കേസിൽ പ്രതി കൂടിയാണ് ശിവശങ്കർ. അറസ്റ്റിന് ശേഷം മന്ത്രിമാരും സി പി എം നേതാക്കളും ശിവശങ്കറെ കൂട്ടത്തോടെ തള്ളിപ്പറഞ്ഞെങ്കിലും മുഖ്യമന്ത്രി ശിവശങ്കറെ കടുത്ത ഭാഷയിൽ തള്ളിപ്പറയാൻ തയ്യാറായില്ലയെന്നത് ശ്രദ്ധേയമാണ്. സ്വപ്‌നയുടെ നിയമനവുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരായ പൊലീസ് കേസ് ഇഴഞ്ഞുനീങ്ങുന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ശിവശങ്കർ ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് കഴിഞ്ഞ ജൂലായ് 16ന് അദ്ദേഹം സസ്‌പെൻഷനിലാകുന്നത്. കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഓക്ടോബർ 28നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ നിന്ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. ഗൂഢാലോചനക്കുറ്റമാണ് ശിവശങ്കറിനെതിരെ കസ്റ്റംസും എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റും ചുമത്തിയത്.