ഉദയ താര നയ്യാർ
പ്രശസ്ത പത്രപ്രവർത്തകയും ദിലീപ് കുമാറിന്റെ ആത്മകഥയുടെ രചയിതാവുമാണ് ലേഖിക
സ്ക്രീൻ മാസികയിൽ ജേർണലിസ്റ്റ് ട്രെയിനിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞാൻ ദിലീപ് ജിയെ ആദ്യമായി കാണുന്നത്. അന്ന് ഞങ്ങൾ റിപ്പബ്ളളിക്ദിന പ്രത്യേക പതിപ്പ് പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു.അതിലേക്ക് അദ്ദേഹത്തിന്റെ ഒരു ചെറിയ കുറിപ്പ് വേണമായിരുന്നു. അങ്ങനെയാണ് ഞാൻ അദ്ദേഹത്തിന്റെ സെറ്റിൽ എത്തുന്നത്. അര മണിക്കൂറോളം ദിലീപ് ജി മറ്ര് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. ഹോളിവുഡ് സിനിമകളെക്കുറിച്ചും മറ്റും അത് നീണ്ടു. തന്നോട് സംസാരിക്കാൻ വരുന്ന പത്രപ്രവർത്തകർക്ക് എത്രത്തോളം ജ്ഞാനമുണ്ടെന്ന് അറിയാനുള്ള അദ്ദേഹത്തിന്റെ വഴിയായിരുന്നു അത്. ഈ പരീക്ഷയിൽ വിജയിച്ചപ്പോഴാണ് അദ്ദേഹം പ്രധാന വിഷയത്തെക്കുറിച്ച് സംസാരിക്കാൻ സമ്മതിച്ചത്. അത് പ്രസിദ്ധീകരിച്ചുവന്നപ്പോൾ തുടങ്ങിയതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം. പിന്നെ ഞാൻ എപ്പോൾ ചോദിച്ചാലും അഭിമുഖം നൽകുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സൈറബാനു എന്റെ അടുത്ത സുഹൃത്തായി മാറി.അതോടെ ഞാൻ അവരുടെ കുടുംബാംഗത്തെപ്പോലെയായി.
വളരെ യാദൃച്ഛികമായിട്ടാണ് ദീലിപ് ജിയുടെ ആത്മകഥയെഴുതുക എന്ന നിയോഗം എന്നിൽ അർപ്പിക്കപ്പെട്ടത്. പല പ്രമുഖ പത്രപ്രവർത്തകരും ആത്മകഥയെഴുതുന്നതിനു വേണ്ടി അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറി. ഒരു ദിവസം ദിലീപ് ജിയും സൈറാ ബാനും ഞാനും അവരുടെ വീട്ടിൽ ഒന്നിച്ചിരിക്കുകയാണ്. ദിലീപ് ജി അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പുസ്തകം വായിക്കുന്നു. അധികം വൈകാതെ അദ്ദേഹം അത് പൂർത്തിയാക്കാതെ ഇട്ടിട്ട് പോയി.എന്താ കാര്യമെന്ന് സൈറ തിരക്കിയപ്പോൾ ഇതിൽ തന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് മുഴുവൻ അസംബന്ധങ്ങളാണെന്ന് ദിലീപ് ജി പറഞ്ഞു. എന്നാൽ താങ്കൾക്കുതന്നെ ആത്മകഥ എഴുതിക്കൂടെയെന്നായി സൈറ. അത് ഞാൻതിരുമാനിച്ചുകഴിഞ്ഞു. അത് എഴുതുന്നത് താര ആയിരിക്കും.ആ വാക്കുകൾ ഞെട്ടലോടെയാണ് ഞാൻ കേട്ടിരുന്നത്. ഞാനോ...എന്നായിരുന്നു അതിനോടുള്ള എന്റെ ആദ്യ പ്രതികരണം. ഇത് എഴുതാൻ അർഹതപ്പെട്ട മറ്റൊരാളില്ല. എന്നെ അടുത്ത് അറിയാവുന്ന ആളാണ് താര. പിന്നെ താരയുടെ എഴുത്ത് ശൈലിയും എനിക്ക് ഇഷ്ടമാണ്. നാളെത്തന്നെ തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം ഉച്ചയ്ക്കുള്ള പ്രാർത്ഥന കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലെ പൂന്തോട്ടത്തിൽ വച്ചാണ് ഇതുസംബന്ധിച്ച് സംസാരിച്ചു തുടങ്ങിയത്. ദിലീപ് ജിയുടെ ജനനം പേഷവാറിൽ ആയിരുന്നല്ലോ. അവിടത്തെ കുട്ടിക്കാലം മുതലാണ് ആത്മകഥ തുടങ്ങുന്നത്. വലിയൊരു കൂട്ടുകുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അതിന്റെയൊക്കെ വിവരങ്ങൾ ശേഖരിക്കാൻ എട്ട് വർഷത്തോളം വേണ്ടിവന്നു. ഇതിനിടയ്ക്ക് അദ്ദേഹത്തിന് ഹൃദയ ശസ്ത്രക്രിയും നടത്തേണ്ടിവന്നു. സ്ക്രീനിന്റെ എഡിറ്റർ എന്ന നിലയിൽ എനിക്കും തിരക്കുകളുണ്ടായിരുന്നു. അതാണ് അത്രയും നീളാൻ കാരണം.എഴുതിത്തീർക്കാൻ ഒരു വർഷം വേണ്ടിവന്നു.അങ്ങനെയാണ് ദ സബ്സ്റ്റൻസ് ആൻഡ് ദ ഷാഡോ എന്ന ആത്മകഥ ജന്മം കൊള്ളുന്നത്.2014 ലാണ് പുസ്തകം റിലീസ് ചെയ്യുന്നത്.ദിലീപ് ജി അതിൽ പൂർണ സംതൃപ്തനായിരുന്നു.
ശരിക്കുപറഞ്ഞാൽ സിനിമാലോകത്ത് എത്താൻ ആഗ്രഹിച്ച വ്യക്തിയേ ആയിരുന്നില്ല അദ്ദേഹം. ഫുട്ബാൾ താരമാകാനാണ് കൊതിച്ചത്. പക്ഷേ അതുകൊണ്ട് ജീവിക്കാൻ കഴിയില്ലെന്ന് ബോദ്ധ്യമുണ്ടായിരുന്നു. ആ സമയത്താണ് മഹാരാഷ്ട്രയിലെ മലാഡിലുള്ള ബോംബെ ടാക്കീസ് ഒരു ടെക്നീഷ്യന്റെ ഒഴിവിലേക്ക് അപേക്ഷ വിളിച്ചത്. ആ സ്റ്റുഡിയോയുടെ സ്ഥാപകരിലൊരാൾ അന്നത്തെ പ്രസിദ്ധ നായിക ദേവികാ റാണിയായിരുന്നു. ജോലിക്കുവേണ്ടി ദിലീപ് ജി കാണുന്നത് അവരെയാണ്. ഉറുദു അറിയാമോയെന്നാണ് അവർ ആദ്യം ചോദിച്ചത്. അറിയാമെന്നു പറഞ്ഞപ്പോൾ സിനിമയിൽ അഭിനയിക്കാമോയെന്ന് ദേവികാറാണി ചോദിച്ചു. മാസം 1250 രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. ദിലീപ് ജിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.വീട്ടിൽ മടങ്ങിയെത്തിയ അദ്ദേഹം ഈ വിവരം ഇളയ സഹോദരനോട് പറഞ്ഞു. ഒരു വർഷത്തെ ശബളം ആയിരിക്കുമെന്ന് സഹോദരൻ. അന്നത്തെക്കാലത്ത് അത് വലിയൊരു തുകയാണല്ലോ. അടുത്ത ദിവസം ദേവികാറാണിയെ കണ്ട് തനിക്ക് സിനിമയെക്കുറിച്ചൊന്നും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.എല്ലാ പഠിപ്പിച്ച് എടുത്തുകൊള്ളാമെന്ന് ദേവികാറാണിയും.അങ്ങനെയാണ് ആകസ്‌മികമായി ദിലീപ്കുമാർ എന്ന മികച്ച നടനെ ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്നത്.
മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ദിലീപ്ജി കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. അതിന് പ്രധാന കാരണം ഒരു സമയം ഒരു സിനിമയെക്കുറിച്ച് മാത്രമേ അദ്ദേഹം ചിന്തിക്കുമായിരുന്നുള്ളൂവെന്നതാണ്. അതിനുവേണ്ടി ഹൃദയവും ആത്മാവും നൽകും. ഷൂട്ടിംഗ് സമയത്ത് മാത്രം സെറ്റിലേക്ക് കയറിവരുന്ന നടനായിരുന്നില്ല. ഒരു സിനിമയിലെ തന്റെയും മറ്റുള്ളവരുടെയും കഥാപാത്രങ്ങളെക്കുറിച്ചു നന്നായി പഠിച്ച ശേഷമേ അദ്ദേഹം കാമറയ്ക്ക് മുന്നിലെത്താറുള്ളൂ. അപാരമായ വായനയാണ് ഇതിനൊക്കെ അദ്ദേഹത്തെ സഹായിച്ചത്. ഒരു ചിത്രത്തിന്റെ അവസാനം വരെ അദ്ദേഹം കൂടെയുണ്ടാകും. ആ ഒരു പ്രതിബദ്ധതയാണ് അദ്ദേഹത്തെ സൂപ്പർസ്റ്റാറാക്കി മാറ്റിയത്. എന്നാൽ സൂപ്പർ താരമാണെന്നതിന്റെ ഒരു ഭാവവും ദിലീപ്ജിക്ക് ഉണ്ടായിരുന്നില്ല.വീട്ടിലെ വേലക്കാരോടും മറ്രും വളരെ വിനയത്തോടെയാണ് സംസാരിച്ചിരുന്നത്. ഒരു മടിയും കൂടാതെ ഷോപ്പിംഗിനും പോകുമായിരുന്നു. സാധാരണക്കാരനെ പോലെയാണ് അദ്ദേഹം ജീവിച്ചത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മരണം എല്ലാവരെയും ഒരുപോലെ വേദനിപ്പിക്കുന്നത്.
ഹിറ്റായ ഹെയർ സ്റ്റൈൽ
പണ്ട് ദിലീപ് കുമാർ ഹെയർ സ്റ്റൈലിന് സലൂണുകളിൽ വൻ ഡിമാൻഡായിരുന്നു. നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി. എന്നാൽ അതൊരു സ്റ്റൈൽ ആയിരുന്നില്ലെന്നും സ്വാഭാവികമായി സംഭവിച്ചതാണെന്നും ദിലീപ് ജി പറഞ്ഞിട്ടുണ്ട്. ഒരു ദിവസം കുട്ടിക്കാലത്ത് മുറ്റത്ത് കളിച്ചു കൊണ്ടിരുന്നപ്പോൾ ഒരു ഫക്കീർ തലയിൽ കൈ വച്ച് പറഞ്ഞു, ഇവൻ നാളെ ലോകം അറിയപ്പെടുന്ന വ്യക്തിയാകുമെന്ന്. ഇതിനുശേഷം ദൃഷ്ടി കിട്ടാതിരിക്കാൻ അമ്മൂമ്മ സ്ഥിരമായി ദിലീപ് ജിയുടെ മുടി മൊട്ടയടിക്കുമായിരുന്നു. ഇതാണ് പിൽക്കാലത്ത് കട്ടിയുള്ള മുടി വളരാനും അത് നെറ്റിയിലേക്ക് വീഴാനും ഇടയായത്.