കൊൽക്കത്ത : കൊൽക്കത്തയിൽ വ്യാജ വാക്സിനേഷൻ ക്യാമ്പുകൾ നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്ത സി ബി ഐ ഉദ്യോഗസ്ഥൻ വ്യാജനെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊൽക്കത്ത ഹൈക്കോടതി അഭിഭാഷകൻ സനാതൻ റേ ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സി ബി ഐ നിയമ ഉപദേശകനെന്ന നിലയിലാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. നീല ബീക്കൺ ലൈറ്റ് ഘടിപ്പിച്ച കാറിലാണ് ചൗധരി സഞ്ചരിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അന്വേഷണത്തിൽ ഇയാൾക്ക് സി ബി ഐയുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് തെളിയുന്നത്.
അതേസമയം സനാതൻ റേ ചൗധരി പ്രധാനമന്ത്രി മോദിക്കൊപ്പം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഉച്ചകോടിക്കിടെ എടുത്ത ഫോട്ടോകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് ഇയാൾ വ്യാജമായി നിർമ്മിച്ചതാണെന്നും സംശയിക്കുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത പൊലീസിന്റെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല. ദേശീയ മാദ്ധ്യമങ്ങളടക്കം പ്രാധാന്യത്തോടെയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2018 ൽ ജോഹന്നാസ്ബർഗിൽ നടന്ന പത്താമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തുവെന്നാണ് പൊലീസ് ചോദ്യം ചെയ്യലിനിടെ ഇയാൾ വെളിപ്പെടുത്തിയത്.
വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചൗധരിക്ക് മേൽ പൊലീസ് ചുമത്തിയിട്ടുള്ളത്. കൊൽക്കത്തയിലെ വിവാദമായ വ്യാജ വാക്സിനേഷൻ ക്യാമ്പുകൾ
നടത്തിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ചൗധരിയെ കുടുക്കിയത്. ഈ സംഭവത്തിൽ വ്യാജ ഐഎഎസ് ഉദ്യോഗസ്ഥനായി ചമഞ്ഞ ദബഞ്ചൻ ദേബിനെ അറസ്റ്റ് ചെയ്തിരുന്നു. ഒൻപത് പേരാണ് ഈ കേസിൽ ഇതുവരെ പിടിയിലായിട്ടുള്ളത്.