bjp

കാസർകോട്: കേരളത്തിൽ ന്യൂനപക്ഷങ്ങളെ പാർട്ടിയോടടുപ്പിക്കാൻ തീവ്ര ഹിന്ദുത്വ നിലപാട് തടസമാണെന്ന് ബിജെപി ഭാരവാഹി യോഗത്തിൽ അഭിപ്രായം. ഈ വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാൻ തീവ്ര ഹിന്ദുത്വ നിലപാടിൽ മാറ്റം വരുത്തണമെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം. ന്യൂനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ജിജി ജോസഫ് ഉൾപ്പടെ ഈ അഭിപ്രായം പങ്കുവച്ചു.

അതേസമയം ഹിന്ദുത്വം പാർട്ടിയുടെ അടിസ്ഥാന തത്വമാണെന്ന് പ്രഭാരി സി.പി രാധാകൃഷ്‌ണൻ അഭിപ്രായപ്പെട്ടു. പാർട്ടിയിലെ ഹിന്ദുത്വ രീതികൾ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾക്ക് ഉൾക്കൊള‌ളാൻ കഴിയണമെന്നില്ലെന്ന് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.കെ.എസ് രാധാകൃഷ്‌ണൻ യോഗത്തിൽ അഭിപ്രായപ്പെട്ടു. വിചാരമല്ല വിവേകമാണ് വേണ്ടത്. മുഴുവൻ ഹിന്ദുക്കളിലേക്കും പാർട്ടിക്ക് എത്താനായില്ലെന്ന സ്വയം വിമർശനവും പാർട്ടി യോഗത്തിൽ ഉയർന്നു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ പാർട്ടി പ്രവർത്തനം വ്യാപിപ്പിക്കാൻ നടപടിയെടുക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെ.സുരേന്ദ്രൻ രാജിവയ്‌ക്കണമെന്ന് ഇന്നലെ ഒരുവിഭാഗം ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. പാർട്ടി പുനസംഘടനയും ഇവർ ആവശ്യപ്പെട്ടു. എന്നാൽ പാർട്ടിയിൽ അച്ചടക്കം പരമപ്രധാനമാണെന്നും അത് ലംഘിക്കുന്നവരെ തിരുത്താൻ നടപടിയുണ്ടാകുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്നലെ യോഗത്തിൽ പറഞ്ഞു.