covid-19

ഭോപ്പാൽ: ബന്ധുക്കളെ കബളിപ്പിക്കാൻ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റുണ്ടാക്കിയ യുവാവിനെതിരെ കേസ്. മദ്യപ്രദേശിലെ ഇരുപത്തിയാറുകാരനായ ഇജാസ് എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഭാര്യയിൽ നിന്ന് അകന്നുനിൽക്കാൻ വേണ്ടിയായിരുന്നു തനിക്ക് കൊവിഡ് ഉണ്ടെന്ന് വരുത്തിതീർക്കാൻ യുവാവ് ശ്രമിച്ചത്.

ഒരു പ്രൈവറ്റ് ലാബിന്റെ വെബ്‌സൈറ്റിൽ നിന്ന് ഒരാളുടെ കൊവിഡ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത്, അതിൽ കൃത്രിമം കാണിച്ച് തന്റെ പേര് ചേർക്കുകയായിരുന്നു ഇയാൾ. തുടർന്ന് ഭാര്യയ്ക്കും തന്റെ പിതാവിനും വാട്‌സാപ്പിൽ അയച്ചുകൊടുക്കുകയും, ശേഷം മുങ്ങുകയും ചെയ്തു.

എന്നാൽ ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ സംശയം തോന്നിയ ബന്ധുക്കൾ ലാബിനെ സമീപിച്ചതോടെയാണ് കള്ളിവെളിച്ചത്തായത്. തങ്ങളുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതറിഞ്ഞതോടെ ലാബ് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു യുവാവിന്റെ വിവാഹം. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളാണ് ഇത്തരമൊരു 'സാഹസം' ചെയ്യാൻ യുവാവിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.