mammutty

അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനും താൻ ജീവൻ നൽകിയ കഥാപാത്രങ്ങളുടെ കീർത്തിയും പ്രശസ്‌തിയും മാത്രം ബാക്കിയാക്കി ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാർ യാത്രയായി. വിശ്വമാകെയുള‌ള പല ചലച്ചിത്ര, രാഷ്‌ട്രീയ, സാംസ്‌കാരിക മേഖലകളിലുൾപ്പടെ സമൂഹത്തിലെ നാനാ തുറകളിലുള‌ളവർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്.

മലയാള സിനിമാ ലോകവും ദിലീപ് കുമാറിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. മെഗാസ്‌റ്റാർ മമ്മൂട്ടിയും ഫേസ്‌ബുക്കിലൂടെ മഹാനടനോടുള‌ള തന്റെ ആദരവ് വ്യക്തമാക്കി. 'നടന ഇതിഹാസത്തിന് വിട. അങ്ങയുടെ സ്‌നേഹവും വാത്സല്യവും എന്നെ അങ്ങിലേക്ക് ആകർഷിച്ചു. അങ്ങ് കാട്ടിയ ദയയും ആ വാക്കുകളും അങ്ങയുടെ സ്വന്തം ബന്ധുവെന്ന് തോന്നിച്ചു. അങ്ങയെപ്പോലൊരാൾ അങ്ങേയ്‌ക്ക് മുൻപോ ശേഷമോ ആരുമില്ല. എന്റെ പ്രിയ നടന് വിട' മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളത്തെ ചികിത്സയ്‌ക്കൊടുവിലാണ് ദിലീപ് കുമാർ അന്തരിച്ചത്.