prakashananda

തിരുവനന്തപുരം: ജാതിഭേദവും മതദ്വേഷവും ഇല്ലാതെ മനുഷ്യരാകെ സോദരരെപോലെ കഴിയുന്ന മഹനീയ കാലമുണ്ടാകണമെന്ന ശ്രീനാരായണ ഗുരുവിന്‍റെ സങ്കൽപ്പത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു സ്വാമി പ്രകാശാനന്ദയുടേത്. മനുഷ്യത്വത്തിന്‍റെ മഹനീയതയെ വിളംബരം ചെയ്യുന്ന സവിശേഷ ആത്മീയതയുടെ വക്താവായിരുന്നു സ്വാമി. ഇന്ന് ശ്രീനാരായണ പ്രസ്ഥാനത്തിന് ഉണ്ടായിരിക്കുന്ന നഷ്‌ടം മാനവികതയുടെയും പുരോഗമന സമൂഹത്തിന്‍റേയും പൊതുവായ നഷ്‌ടം കൂടിയാണ്.

prakashananda

​​​​​ആത്മീയരംഗത്ത് കേരളത്തിലെ ഏറ്റവും ആദരിക്കപ്പെട്ട വ്യക്തിത്വം കൂടിയാണ് സ്വാമി പ്രകാശാനന്ദയുടേത്. ഗുരുധര്‍മമാണ് ജീവിതധര്‍മമെന്ന് തിരിച്ചറിഞ്ഞ് സ്വജീവിതത്തെ അതിനായി സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്‌തിരുന്നത്. നവതി പിന്നിട്ടിട്ടും ഗുരുദര്‍ശനത്തിന്‍റെ മഹാപ്രകാശം പരത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. അദ്ധ്യക്ഷസ്ഥാനമൊഴിഞ്ഞ ശേഷവും ശിവഗിരി തീർത്ഥാടനങ്ങളിലും ഗുരുവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും സ്വാമി സജീവസാന്നിദ്ധ്യമായിരുന്നു.

prakashananda

​​​​​ലോകമെമ്പാടുമുള്ള ഗുരുദേവ വിശ്വാസികളുടെ ആത്മീയ ഗുരുനാഥനായിരുന്നു സ്വാമി. 1923ല്‍ കൊല്ലം ജില്ലയിലെ പിറവന്തൂരിലെ എലിക്കാട്ടൂര്‍ കളത്താരടി തറവാട്ടില്‍ രാമന്‍- വെളുമ്പി ദമ്പതിമാരുടെ മകനായാണ് ജനിച്ചത്. കുമാരന്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. 23ആം വയസിലാണ് ശിവഗിരിയിലെത്തിയത്. 1958-ല്‍ 35-ാം വയസില്‍ ശങ്കരാനന്ദ സ്വാമിയില്‍നിന്നു സന്ന്യാസദീക്ഷ സ്വീകരിച്ചാണ് പ്രകാശാനന്ദയായത്. അരുവിപ്പുറത്തും കുന്നുംപാറയിലുമുള്ള മഠങ്ങളില്‍ വളരെക്കാലം സേവനം ചെയ്‌തിട്ടുണ്ട്. 1970 മുതല്‍ ധര്‍മസംഘം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1975ല്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത് സ്വാമിയുടെ കാലയളവിലാണ്.

prakashananda

ശിവഗിരിയിലെ സംഘര്‍ഷത്തിന്‍റെ നാളുകളിൽ ഗുരുദര്‍ശനം ഉയര്‍ത്തിപ്പിടിച്ച് സമരരംഗത്തും സ്വാമിയുണ്ടായിരുന്നു. ശിവഗിരി ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സ്വാമി അനുഷ്‌ഠിച്ച നിരാഹാരം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിലും ആശുപത്രിയിലുമായി 29 ദിവസമാണ് നിരാഹാരം നടത്തിയത്. 1983 ഡിസംബര്‍ അഞ്ചു മുതല്‍ സ്വാമി മൗനവ്രതത്തിലായി. എട്ടു വര്‍ഷവും ഒമ്പത് മാസവും ഒരേപോലെ മൗനവ്രതം തുടര്‍ന്നു.

prakashananda

​​​​​1995 ഒക്ടോബറിലാണ് സ്വാമി പ്രകാശാനന്ദ ആദ്യമായി ധര്‍മസംഘം ട്രസ്റ്റ് അദ്ധ്യക്ഷ പദവിയിലെത്തിയത്. തുടര്‍ന്ന് 2006 മുതല്‍ 10 വര്‍ഷക്കാലവും ഗുരുദേവന്‍റെ സന്ന്യാസശിഷ്യ പരമ്പരയെ നയിക്കാനുള്ള നിയോഗം അദ്ദേഹത്തിന് ലഭിച്ചു. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പേ അദ്ദേഹത്തെ ശിവഗിരിയിൽ എത്തിച്ച സ്വാമി മഠത്തിനെ ആഗോള തലത്തിൽ ഉയർത്തിയതിന് പിന്നിലെ ചാലകശക്തിയാണ്.