ന്യൂഡൽഹി : രണ്ടാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നതായി ദിവസങ്ങളായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഉഹാപോഹങ്ങൾക്ക് അവസാനം കുറിച്ച് മന്ത്രിസഭാ പുനസംഘടന ഇന്ന് വൈകിട്ട് ആറിന് നടക്കും. പുതിയ മന്ത്രിമാർ ആറുമണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനത്തിൽ ഉൾപ്പെടുമെന്ന് കരുതുന്ന നേതാക്കൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രിയുടെ ഒദ്യോഗിക വസതിയിലെത്തി. പുതിയ മുഖങ്ങളെ കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുമ്പോൾ മന്ത്രിസഭയിൽ നിന്നും ആരെയൊക്കെ ഒഴിവാക്കും എന്നും ചർച്ചയാവുന്നുണ്ട്. നിലവിൽ 54 പേരാണ് മോദി മന്ത്രിസഭയിലുള്ളത്. ഇത് 81 അംഗങ്ങൾ വരെയാകാനാണ് സാദ്ധ്യത തെളിയുന്നത്.
പുതിയ മുഖങ്ങൾ
രണ്ടാം മോദി സർക്കാരിലെ മന്ത്രിസഭയിലേക്ക് പുനസംഘടന വഴി ഇരുപതിലധികം മന്ത്രിമാരെത്തും എന്നാണ് കണക്കാക്കുന്നത്. ഇതിൽ നല്ലൊരു പങ്കും സ്ത്രീകളും, പിന്നാക്ക വിഭാഗങ്ങളിൽ പെടുന്നവരുമാകും. അടുത്ത വർഷം യു പിയിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണിത്. ബി ജെ പിയുടെ തീപ്പൊരി നേതാക്കളായ മീനാക്ഷി ലേഖി, ശോഭാ കരന്തലജെ, അനുപ്രിയാ പട്ടേൽ, സുനിത ദഗ്ഗൽ, ഹീനാ ഗാവിത, സോനേവാൾ എന്നിവരുടേ പേരുകൾ സജീവമായി ഉയരുന്നുണ്ട്. നാരായൺ റാണെ, ജ്യോതിരാദിത്യ സിന്ധ്യ, കപിൽ പാട്ടീൽ, അജയ് ഭട്ട് എന്നിവർക്കും മന്ത്രിക്കസേര ഉറപ്പായിട്ടുണ്ടെന്നാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. മന്ത്രിസഭയിലെ മലയാളി സാന്നിദ്ധ്യമായ വി മുരളീധരന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല കൂടി ലഭിച്ചേക്കും. വിദേശകാര്യ വകുപ്പ് അദ്ദേഹത്തിൽ നിലനിർത്തും എന്നാണ് സൂചന. വരുൺ ഗാന്ധിയടക്കമുള്ള യുവ നേതാക്കളും ഡൽഹിയിൽ എത്തിയിട്ടുണ്ട്. പാർട്ടി ആവശ്യപ്പെട്ട് ഇവർ എത്തിയതെന്നാണ് സൂചന.
മന്ത്രിസഭയിൽ ജെ ഡി യുവിനും ഇക്കുറി പ്രാതിനിധ്യം ഉണ്ടാവും. നിതീഷ് കുമാറുമായി ഇക്കാര്യത്തിൽ ബി ജെ പി ധാരണയിൽ എത്തിയിട്ടുണ്ട്. നാല് മന്ത്രിമാരെയാണ് നിതീഷ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. രണ്ട് മന്ത്രിസ്ഥാനം വിട്ടു നൽകാനാണ് സാദ്ധ്യത.
വൻമരങ്ങൾ വീഴുമോ ?
രണ്ട് കാബിനറ്റ് മന്ത്രിമാരെ ഒഴിവാക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നതോടെ അതിനെ കുറിച്ചുള്ള ചർച്ചകളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. മാനവവിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്റിയാലിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണിത്. തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വർ ഇന്ന് ഉച്ചയോടെ രാജിക്കത്ത് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് പുതുതായി എന്ത് ചുമതല ലഭിക്കും എന്ന് വ്യക്താമായിട്ടില്ല. രാജി വച്ചുവെന്ന് അദ്ദേഹം വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം നിലവിലുള്ള മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റങ്ങൾ വരുമെന്നാണ് സൂചന. പുരുഷോത്തം രൂപല്ല, ജി കിഷൻ റെഡ്ഡി , അനുരാഗ് താക്കൂർ എന്നിവർക്ക് ക്യാബിനറ്റ് റാങ്ക് നൽകി പ്രമോഷൻ നൽകിയേക്കും. മന്ത്രിമാരുടെ പെർഫോർമൻസ് അടുത്തിടെ ബി ജെ പി ഉന്നത നേതാക്കളുടെ മീറ്റിംഗിൽ ചർച്ചയായിരുന്നു. ധനമന്ത്രിയുടെ കസേര തെറിക്കുമോ എന്നതും ഏറെ ചർച്ചയാവുന്നുണ്ട്. നിർമല സീതാരാമനെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റുമെന്നാണ് സൂചനകൾ. കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്കും സ്ഥാന ചലനമുണ്ടായേക്കും.