italy

പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയ്നിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് ഫൈനലിൽ

സമനില ഗോളടിച്ച സ്പാനിഷ് താരം മൊറാട്ട പെനാൽറ്റി പാഴാക്കി

വെംബ്ളി : ഇറ്റലിയുടെ വിജയക്കുതിപ്പിന് തടയിടാൻ സ്പെയ്നിനും കഴിഞ്ഞില്ല. കഴിഞ്ഞ രാത്രി പെനാൽറ്റി ഷൂട്ടൗട്ടോളം നീണ്ട മത്സരത്തിലാണ് ഇറ്റലി വിജയം കണ്ട് യൂറോ കപ്പ് ഫൈനലിന് ടിക്കറ്റെടുത്തത്. ഒരു ഗോളിന് പിന്നിട്ടുനിൽക്കവേ പകരക്കാരനായി ഇറങ്ങി ടീമിനെ സമനിലയിലേക്കെത്തിച്ച് സൂപ്പർ ഹീറോയായ സ്പാനിഷ് താരം ആൽവാരോ മൊറാട്ട ഷൂട്ടൗട്ടിലെ ഒടുവിലത്തെ കിക്ക് ഗോളിയുടെ കയ്യിലേക്കടിച്ച് വില്ലനാവുകയായിരുന്നു.ഇറ്റലിയുടെ ലോക്കാട്ടെല്ലിയും സ്പെയ്നിന്റെ ഓൾമോയും കൂടി കിക്കുകൾ പാഴാക്കിയ ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനായിരുന്നു ഇറ്റാലിയൻ ജയം. ഇംഗ്ലണ്ട്-ഡെന്മാർക്കും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെയാണ് ഫൈനലിൽ ഇറ്റലി നേരിടുന്നത്.

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഗോളി ജിയാൻ ലൂയി ഡോണറുമ്മയുടെ കരുത്തിലാണ് അസൂറിപ്പട ഫൈനലിലേക്ക് കാലെടുത്തുവച്ചത്.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 60-ാം മിനിട്ടിൽ ഇറ്റലിയ്ക്കായി ഫെഡറിക്കോ കിയേസയും 80-ാം മിനിട്ടിൽ സ്‌പെയിനിനായി ആൽവാരോ മൊറാട്ടയുമാണ് സ്കോർ ചെയ്തത്.

പെനാൽറ്റി ഷൂട്ടൗട്ടിൽ ഇറ്റലിയ്ക്കായി ആൻഡ്രിയ ബെലോട്ടി, ലിയോണാർഡോ ബൊനൂച്ചി, ഫെഡറിക്കോ ബെർണാഡേഷി, ജോർജീന്യോ എന്നിവർ സ്‌കോര്‍ ചെയ്തപ്പോൾസ്‌പെയിനിനായി ജെറാർഡ് മൊറേനോ, തിയാഗോ അലകാന്റാറ എന്നിവർക്ക് മാത്രമേ ലക്ഷ്യം കാണാനായുള്ളൂ. ഡാനി ഓൽമോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നപ്പോൾ മൊറാട്ടയുടെ കിക്ക് ഡോണറുമ്മ തട്ടിയകറ്റി.