prakashanandha

ശ്രീനാരായണ ഗുരുദേവനിൽ സമർപ്പിതമായ ജീവിതം നയിച്ച മഹാനുഭാവനായിരുന്നു ബ്രഹ്മശ്രീ സ്വാമി പ്രകാശാനന്ദ. 23 -ാം വയസിൽ ശിവഗിരിയിലെത്തിയ സ്വാമികൾ ഒരു അവധൂതനും സത്യാന്വേഷിയുമായി ഭാരതമൊട്ടാകെ സഞ്ചരിച്ചു, തികച്ചും കാൽനടയായി. ഭാരതത്തിലെ പുണ്യധാമങ്ങളിലും ആശ്രമകേന്ദ്രങ്ങളിലുമായി സന്ദർശനം നടത്തി നിരവധി മഹാപുരുഷന്മാരുമായി സത‌്സംഗം നടത്തി. അതിൽ നിന്ന് പകർന്നുകിട്ടിയ ഊർജ്ജം സ്വാമിയുടെ ചൈതന്യവും ശക്തിയുമായി മാറി. തുടർന്ന് പണ്ഡിത ശീർഷന്മാരായ ജഗദീശ്വരാനന്ദാ സ്വാമികൾ, വിദ്യാനന്ദസ്വാമി, ശ്രീനാരായണ തീർത്ഥർ സ്വാമി എന്നിവരിൽ നിന്ന് ശ്രീനാരായണ ഗുരുദേവകൃതികളെയും ഗുരുവിന്റെ തത്വദർശനത്തെയും സ്വായത്തമാക്കിയ സ്വാമികൾ ഉത്തിഷ്ഠമാനനായ കർമ്മയോഗിയായും യതിവര്യനായും വിരാജിച്ചു. ചെമ്പഴന്തി, അരുവിപ്പുറം എന്നിവിടങ്ങളിൽ ആശ്രമ സെക്രട്ടറിയായി സേവനം ചെയ്തു. ഗുരുദേവൻ സ്ഥാപിച്ച കുന്നുംപാറ ക്ഷേത്രവും മഠവും പരിരക്ഷിച്ചുകൊണ്ട് ഈ മഹാസ്ഥാപനത്തെ വലിയ പ്രസ്ഥാനമായി മാറ്റിയെടുക്കുന്നതിൽ മഹത്തായ സേവനങ്ങളാണ് സ്വാമികൾ നിർവഹിച്ചത്.

ഗുരുദേവന്റെ മഹാസങ്കല്പമായ മതമഹാപാഠശാല അഥവാ സർവമത മഹാപാഠശാല സമാരംഭിക്കുന്നത് സ്വാമികൾ ധർമ്മസംഘം ജനറൽ സെക്രട്ടറിയായിരിക്കുമ്പോഴാണ്. പ്രസ്തുത മതമഹാ പാഠശാലയിൽ പഠിച്ച് സന്യാസം സ്വീകരിച്ചവരാണ് ഇന്നത്തെ ശിവഗിരി സന്യാസിമാർ.

മഠത്തിന്റെ ഭരണം നായനാർ ഗവൺമെന്റ് ഏറ്റെടുത്തപ്പോൾ സ്വാമികൾ കേരളമൊട്ടാകെ ഒരു രഥയാത്ര നടത്തി. തുടർന്ന് സെക്രട്ടേറിയറ്റിന് മുൻപിൽ സ്വാമികൾ 31 ദിവസം നിരാഹാരമനുഷ്ഠിക്കുകയുണ്ടായി. മഹാത്മാഗാന്ധി പോലും 21 ദിവസം മാത്രമേ തുടർച്ചയായി നിരാഹാരമെടുത്തിട്ടുള്ളൂ എന്ന് ചരിത്രം പറയുന്നു.


2006 മുതൽ 2016 വരെ സ്വാമികൾ ധർമ്മസംഘം പ്രസിഡന്റായിരുന്നു. ശിവഗിരി തീർത്ഥാടനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം 2012ൽ ശാരദാ പ്രതിഷ്ഠ ശതാബ്ദി ആഘോഷം, 2014ൽ ദൈവദശക ശതാബ്‌ദി ആഘോഷം എന്നിവയുടെ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയായിരുന്നു. സംഘാടക സെക്രട്ടറി ഈ ലേഖകനും. ഗുരുദേവ സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നതിൽ ഒരു വർഷം വീതം നീണ്ടുനിന്ന ഈ പരിപാടികൾ സഹായിച്ചു. പ്രായത്തെ അവഗണിച്ച് ഒരു യുവാവിന്റെ പ്രസരിപ്പോടെ പ്രകാശാനന്ദ സ്വാമികൾ പ്രവർത്തിച്ചു. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ സംഭവബഹുലമായ അദ്ധ്യായം ചമച്ച ശ്രീനാരായണ ഗുരുദേവ പ്രശിഷ്യനായിരിക്കും ബ്രഹ്മശ്രീ സ്വാമി പ്രകാശാനന്ദ.


(ലേഖകൻ ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭാ സെക്രട്ടറിയാണ് )