ഒരിക്കൽ എസ്.കെ. പൊറ്റെക്കാട്ടും ബഷീറും വി.കെ.എന്നും അബ്ദുൽ റഹ്മാനും ചേർന്ന് ഒരു പിക്നിക് നടത്തി. കാട്ടിലൂടെയാണ് യാത്ര. കുറച്ചായപ്പോൾ എസ്.കെയോട് ഒരു കഥ പറയാൻ മറ്റുള്ളവർ ആവശ്യപ്പെട്ടു. ലൈംഗിക അരാജക കഥ ആവണം. അതാണ് നിബന്ധന. എസ്.കെ അതിൽ പരാജയപ്പെട്ടു. അത്രയൊക്കെ ലോകസഞ്ചാരം നടത്തിയിട്ടും ഒരു ലൈംഗികകഥ പറയാൻ അറിയാത്ത എസ്.കെയെ കാടിന്റെ നടുക്കുവച്ച് കൊല്ലാൻ തീരുമാനിച്ചു. ഹിന്ദുവല്ലേ, ചത്തോട്ടെ എന്ന് ബഷീറും കരുതി. തല്ലിക്കൊന്ന് കാട്ടിലിടാൻ വി.കെ.എൻ പറഞ്ഞു. എസ്.കെയുടെ ദയനീയ അവസ്ഥകണ്ടപ്പോൾ വി.കെ.എന്നിന്റെ മനസലിഞ്ഞു. 'കഥ ഞാൻ പറയാം.' അങ്ങനെ എസ്.കെയെ രക്ഷിച്ച് കാറിലിരുത്തി വി.കെ.എൻ കഥ പറഞ്ഞു. കഥയൊക്കെ കേട്ടുകഴിഞ്ഞപ്പോൾ വേറെയാരോടും പറയരുത് എന്ന മുഖവുരയോടെ ബഷീർ പറഞ്ഞു. ഏറ്റവും നല്ല കഥാകൃത്ത് എന്ന എന്റെ കിരീടവും ഏറ്റവും നല്ല സഞ്ചാരസാഹിത്യകാരൻ എന്ന എസ്.കെയുടെ കിരീടവും ഞാൻ നിന്റെ കാൽക്കൽ വയ്ക്കുന്നു.
കഥ നന്നായതു കൊണ്ടാണ് ഇങ്ങനെ പറഞ്ഞത് എന്ന് വി.കെ.എൻ. കരുതി. പക്ഷേ, കഥ മ്ലേച്ഛവും ജൂഗുപ്സാവഹവും ചൈനീസും ആയിരുന്നത്രെ. അതിനാൽ ഒരു തെറി ചേർത്തുവിളിച്ചിട്ട് ബഷീർ പറഞ്ഞു. കഥയൊക്കെ കൈയിലിരിക്കട്ടെ. മേലിൽ എന്റെ പെരയ്ക്കകത്തു കയറരുത്. അവിടെവന്നാൽ വാഴച്ചോട്ടിൽ കിടന്നാ മതി. - കഥയ്ക്കപ്പുറം ഇത്തരം എത്രയെത്ര കഥാസന്ദർഭങ്ങളാണ് ബഷീറിന്റെ ജീവിതത്തിലൂടെ ഇതൾവിടർത്തി കടന്നുപോയത് !
ബഷീർ ഒരു കഥയല്ല.എല്ലാ ഋതുവിലും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ഫലവൃക്ഷമാണ്. വേരറ്റുപോകാത്ത, ജരാനര ബാധിക്കാത്ത വൻമരം. സ്വന്തം ശബ്ദകോശവുമായി ജനിച്ച അദ്ദേഹം എഴുത്തിന്റെ ഏറ്റവും ലളിതവും വശ്യവുമായ ഒരു വഴി വെട്ടിത്തെളിക്കുകയും അതിലൂടെ മാത്രം സഞ്ചരിക്കുകയും ചെയ്തു. ''തലയോലപ്പറമ്പിൽ തലയിൽ ഓലയുമായി ജനിച്ചു. ആ ഓല വായിച്ച് അയാൾ വിശ്വത്തിന് വായിക്കാനുള്ള ഒരോലയായി. ആ ഓലയാണ് ബഷീർ." എന്നാണ് കുഞ്ഞുണ്ണിമാഷ് എഴുതിയത്.
പറയുന്നതെല്ലാം കഥയായി മാറുന്ന അപൂർവതയുടെ ഉടമയായിരുന്ന ബഷീർ അവസാനകാലത്ത് അധികമൊന്നും എഴുതിയിരുന്നില്ല. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ബഷീർ പറഞ്ഞു. "അക്ഷരം കൂട്ടിവായിക്കാൻ പഠിക്കുകയാണിപ്പോൾ. അത് കഴിയട്ടെ." അമ്പരപ്പോടെ നിന്ന ചോദ്യകർത്താവിനോട് ബഷീർ തുടർന്നു പറഞ്ഞു-:"മേഘങ്ങൾ ആകാശത്തും മീനുകൾ വെള്ളത്തിലും കാറ്റ് മരങ്ങളിലും എഴുതുന്ന അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിക്കുകയാ."- അതാണ് ബഷീർ. കഥകൾ പറഞ്ഞുപറഞ്ഞ് കഥയായി മാറിയ വൈക്കം മുഹമ്മദ് ബഷീർ. ജനിച്ച നാട്ടിലല്ല, വരിച്ച നാട്ടിലാണ് ബഷീർ സുൽത്താനായി വാണത്. കഥയുടെ ഈ സിദ്ധവൈദ്യൻ വിടപറഞ്ഞിട്ട് ജൂലായ് അഞ്ചിന് 27 വർഷം പിന്നിട്ടു. ബേപ്പൂരിലെ വീട്ടുമുറ്റത്തെ മാങ്കോസ്റ്റിൻ മരച്ചുവട്ടിലെന്നപോലെ സോജരാജകുമാരിക്ക് പ്രണയലേഖനം എഴുതിക്കൊണ്ട് കഥയുടെ സുൽത്താൻ അല്ലാഹുവിന്റെ അങ്കണവാടിയിൽ ഇരിപ്പുണ്ടാവും. അല്ലാഹുവിന്റെ ഖജനാവിൽ മാത്രമാണല്ലോ അനന്തമായ സമയമുള്ളത്.
ഒരിക്കൽ ശോഭന പരമേശ്വരൻ നായരും അരവിന്ദനും സി.വി. ശ്രീരാമനും വി.കെ. ശ്രീരാമനും കൂടി ബഷീറിനെ കാണാൻ പോയി. മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ കസേരയിലും സ്റ്റൂളിലുമായി എല്ലാവരും ഇരുന്നു. വി.കെ. ശ്രീരാമനു ഇരിപ്പിടം കിട്ടിയില്ല, അടുത്തുള്ള ഒരു തെങ്ങിന്റെ ചോട്ടിൽ ശ്രീരാമൻ മാറിനിന്നു.
"അതാരാണ് ആ തെങ്ങിൽ ചാരി നിൽക്കുന്നത്.."-ബഷീർ ചോദിച്ചു.
''സി.വി ശ്രീരാമന്റെ മരുമകനാ.'' എന്ന് വി.കെ.ശ്രീരാമൻ.
"ശ്രീരാമനായാലും ഹനുമാനായാലും ആ തെങ്ങിന്റെ ചോട്ടിൽനിന്ന് മാറി നിൽക്കാൻ പറ, ശനിയാഴ്ച സുകുമാർ അഴീക്കോട് വരുന്നുണ്ട്. ഓന് കണക്കാക്കി വച്ചൊരു ഉണങ്ങിയ തേങ്ങ അതിലാടുന്നുണ്ട്." അടുത്തെത്തുന്നവർ ആരായാലും ഏതു തരക്കാരായാലും അവരെല്ലാം ബഷീറിയൻ പ്രപഞ്ചത്തിലെ കഥാപാത്രങ്ങളായി മാറും. അതാണ് ബഷീറിന്റെ സിദ്ധി. എങ്ങനെ എഴുത്തുകാരനായി എന്ന ചോദ്യത്തിന് ഒരിക്കൽ പറഞ്ഞ മറുപടിയും ആ രചനാതന്ത്രത്തിലേക്ക് വെളിച്ചം പകരുന്നതായിരുന്നു. ''ഒമ്പതു കൊല്ലം ലക്കും ലഗാനുമില്ലാതെ എന്നു പറഞ്ഞമാതിരി ഇന്ത്യാ മഹാരാജ്യത്ത് മുഴുവൻ ചുറ്റിക്കറങ്ങി. അനിശ്ചിത കാലഘട്ടം. വെയിലും മഴയും ചൂടും തണുപ്പും ഒക്കെ സഹിച്ചുള്ള സഞ്ചാരം. അവസാനം സ്വന്തം നാടായ കേരളത്തിൽ തിരിച്ചെത്തി. ആകെ സ്വന്തമായി ഒരു പേന മാത്രമാണ് ഉണ്ടായിരുന്നത്. കുഴിമടിയന്മാരായ ബഡുക്കൂസുകൾക്ക് പറ്റിയ പണിയെപ്പറ്റി തലപുകഞ്ഞാലോചിച്ചപ്പോൾ നിധികിട്ടിയ മാതിരി ഒരെണ്ണം കിട്ടി. സാഹിത്യം. എഴുത്തുകാരനാവുക. വലിയ ബുദ്ധിയൊന്നും വേണ്ട. ചുമ്മാ എവിടെയെങ്കിലും കുത്തിയിരുന്ന് എഴുതിയാൽ മതി. അനുഭവങ്ങൾ ഇച്ചിരിപ്പിടിയോളം ഉണ്ടല്ലോ. അവനെയൊക്കെ കാച്ചിയാൽ മതി. എഴുതി. അങ്ങനെ ഞാൻ എഴുത്തുകാരനായി.''-
ബഷീർ ആരെന്ന് അറിയാത്തവർക്കുപോലും ബഷീർ സഷ്ടിച്ച പല കഥാപാത്രങ്ങളും സുപരിചിതരാണ്. പേരുകേട്ട കള്ളന്മാരായ ആനവാരി രാമൻനായരും പൊൻകുരിശു തോമയും ഇവരുടെയും അനുഭാവിയായ എട്ടുകാലി മമ്മൂഞ്ഞുമെല്ലാം ചേർന്ന് ഒരുക്കുന്ന കുശുമ്പിന്റെയും കുന്നായ്മകളുടെയും കഥകൾ എല്ലാ വിഭാഗം വായനക്കാരെയും ആകർഷിക്കുക മാത്രമല്ല, പല ജീവിത സന്ദർഭങ്ങളിലും ഈ കാഥാപത്രങ്ങൾ സജീവമാകുകയും ചെയ്തു. രാഷ്ട്രീയ സമൂഹിക മണ്ഡലങ്ങളിൽ വ്യാപരിക്കുന്നവർ എതിർപക്ഷത്തെ വിമർശിക്കാനും പരിഹസിക്കാനുള്ള ഉദാഹരണങ്ങളായി അവയെ ഇപ്പോഴും ഉപയോഗിച്ചു പോരുന്നു. കഥയുടെ മാന്ത്രികവിരുന്നൊരുക്കിയ ബഷീർ അങ്ങനെ, തലമുറകളിലൂടെ ഒരു ലജൻഡായി മാറുകയാണ്.
ബഷീറിന്റെ ഫലിതങ്ങൾ ജോക്കല്ല. എന്നാലത് പരിഹാസമായി പരിണമിക്കുന്നുമില്ല. ആരെയും മുറിവേൽപ്പിക്കുന്ന തരത്തിൽ കാർക്കശ്യമുള്ളതാകുന്നുമില്ല. സ്നേഹം ചാലിച്ച വീഞ്ഞുപോലെ അത് ആസ്വാദ്യമാകുന്നു. സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ ഭാഷ കൂടുതൽ ആഡംബരമുള്ളതായി മാറുന്നത് കാണാം. സ്ത്രീകളുടെ തലനിറച്ച് നിലാവാണെന്നാണ് പ്രേമലേഖനത്തിൽ പറയുന്നത്. സാറാമ്മയെക്കുറിച്ച് കേശവൻനായർ പറയുമ്പോൾ മാത്രമല്ല ഈ ആഡംബരമുള്ളത്. ബഷീർകൃതികളിൽ ഉടനീളം അത് ദൃശ്യമാണ്. സ്ഥലത്തെ പ്രധാന ദിവ്യൻ എന്ന കഥയിലെ ഒരു സന്ദർഭം വായിക്കാം. -
'പോലീസു മൂരാച്ചികൾക്ക് ഒരു കേഴമാൻ കണ്ണിയോട് അങ്ങനെ പറയാൻ പാടുണ്ടോ? ‘പോ വനിതേ’ എന്നോ, ‘പോ സ്വപ്നസുന്ദരീ’ എന്നോ, ‘പോ യുവതീരത്നമേ’ എന്നോ പറയാം. അല്ലാതെ ‘പോ പെണ്ണേ!’ എന്നോ!
ഇങ്ങനെ ആശ്വസിപ്പിച്ചപ്പോൾ കൊച്ചുത്രേസ്യ കരച്ചിലു തുടങ്ങി. തേങ്ങിത്തേങ്ങിയാണ്. കാണാൻ കൊള്ളാവുന്ന യുവതികളുടെ കണ്ണുനീരും ദുഃഖവും ഒക്കെ കാണുമ്പോൾ വിനീതനായ ഈ ചരിത്രകാരന്റെ മനസങ്ങു തകർന്നു പോകാറുണ്ട്.'... സ്ത്രീ
ഒന്നും ഒന്നും ചേരുമ്പോൾ രണ്ടല്ല, ഇമ്മ്ണി ബല്യ ഒരു ഒന്നാണെന്ന പരാമർശം രണ്ടു വാക്കുകൾ ചേരുമ്പോൾ മൂന്നാമതൊരു വാക്കല്ല, ഒരു നക്ഷത്രമാണ് രൂപപ്പെടുന്നത് എന്ന സാഹിത്യബോധത്തിലേക്കു കൂടി മിഴിതുറക്കുന്നു. ബഷീറിയൻ കലയിലേക്കുള്ള ഒരു കിളിവാതിലാണത്.