ന്യൂഡൽഹി: പ്രീമിയം ശ്രേണിയിലെ വാഹനമായ ഡോമിനാറിന്റെ വിലയിൽ 16,800 രൂപയോളം കുറവ് വരുത്തി ബജാജ്. ഇതോടെ 1.54 ലക്ഷം രൂപയുടെ എക്സ് ഷോറൂം വിലയ്ക്ക് ഇപ്പോൾ ഡോമിനാർ സ്വന്തമാക്കാൻ സാധിക്കും. 250 സി സിയിലെ മറ്റ് പ്രധാന മോഡലുകളായ കെ ടി എം ഡ്യൂക്ക്, ഹസ്ക്ക്വാർണ എന്നിവയുടെ വില വർദ്ധിപ്പിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചതിനു തൊട്ടു പിറകേയാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഡോമിനാറിന്റെ വില കുറക്കാൻ ബജാജ് തീരുമാനിച്ചത്. ഇതോടെ ഇന്ത്യയിലെ 250 സി സി വാഹന ശ്രേണിയിൽ ഏറ്റവും വില കുറഞ്ഞ രണ്ടാമത്തെ വാഹനമായിരിക്കുകയാണ് ഡോമിനാർ.
ഇതിനു മുമ്പ് സുസുക്കിയുടെ ജിക്സർ 250 ആയിരുന്നു ഏറ്റവും വിലകുറഞ്ഞ രണ്ടാമത്തെ വാഹനം. 1.70ലക്ഷത്തിന് അടുത്ത് വില വരുന്ന ജിക്സർ വില കുറവായതിനാൽ തന്നെ ഡോമിനാറിന് വലിയ വെല്ലുവിളി ആയിരുന്നു വാഹന വിപണിയിൽ ഉയർത്തിയിരുന്നത്. ഇപ്പോൾ ഡോമിനാറിന്റെ വില ഗണ്യമായി കുറച്ച അവസരത്തിൽ നഷ്ടപ്പെട്ട വിപണി തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബജാജ്.
യമഹയുടെ എഫ് സി 25 ആണ് നിലവിൽ ഈ വിഭാഗത്തിലെ ഏറ്റവും വില കുറഞ്ഞതും ഇന്ധനക്ഷമത നൽകുന്നതുമായ വാഹനം. ഈ മാസം ആദ്യം എഫ് സി 25ന്റെ രണ്ട് മോഡലുകളുടെ വിലയും യമഹ കുറച്ചിരുന്നു. എഫ് സി 25ന് 18,500 രൂപയും എഫ് സി എസ് 25ന് 20,000 രൂപയുമാണ് യമഹ എക് ഷോറൂം വിലയിൽ കുറച്ചത്. 1.35 ലക്ഷം ആണ് നിലവിൽ എഫ് സി 25ന്റെ എക്സ് ഷോറൂം വില വരുന്നത്.