road

തിരുവനന്തപുരം: നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന സ്‌മാർട്ട് റോഡുകളുടെ​ നിറുത്തിവച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നഗരസഭ വീണ്ടും പുനരാരംഭിക്കുന്നു. സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് നഗരത്തിലെ റോഡുകൾ നവീകരിക്കുന്നത്. പദ്ധതിയുടെ പ്രാഥമിക നടപടിക്രമങ്ങൾ ഫെബ്രുവരിയിൽ തന്നെ തുടങ്ങിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പും കൊവിഡിന്റെ രണ്ടാം തരംഗവും കാരണം ഏറെക്കുറെ മന്ദീഭവിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് കണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് കുഴിക്കുന്നതും മറ്റും ജില്ലാകളക്ടർ തടഞ്ഞത്. 427 കോടിയുടേതാണ് റോഡ് നിർമ്മാണ പദ്ധതി.

മുംബയ് ആസ്ഥാനമായ നാക് കൺസ്ട്രക്ഷൻസും ആർ.കെ. മദാനി ഗ്രൂപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2022ൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേരള റോഡ് ഫണ്ട് ബോർഡിന് കീഴിലാണ് ആർ.കെ. മദാനി ഗ്രൂപ്പ് റോഡുകൾ വികസിപ്പിക്കുക. സ്മാർട്ട്സിറ്റി പരിധിയിൽപ്പെട്ട നഗരത്തിലെ ഒമ്പത് വാർഡുകളിലെ 49 കിലോമീറ്റർ റോഡാണ് നവീകരിക്കുന്നത്. ഇതിൽ 28 കിലോമീറ്റർ വീതം പി.ഡബ്ല്യു.ഡി, കോർപ്പറേഷൻ റോഡും 16 കിലോമീറ്റർ കേരള റോഡ് ഫണ്ട് ബോർഡിനും (കെ.ആർ.എഫ്ബി) കീഴിലാണ്. 49 കിലോമീറ്റർ റോഡിൽ 10 കിലോമീറ്റർ റോഡ് കോർപ്പറേഷൻ പരിധിയിലാണ്. 36 കിലോമീറ്റർ റോഡ് ഫണ്ട് ബോർഡിന് കീഴിലുമാണ്. ഇതിൽ 20 കിലോമീറ്റർ പൊതുമരാമത്ത് വകുപ്പിന് കീഴിലും 16 കിലോമീറ്റർ റോഡ് ഫണ്ട് ബോർഡിന് കീഴിലുമാണ് വരുന്നത്.

603 കോടി ചെലവിടും


തലസ്ഥാന നഗരത്തെ കൂടുതൽ സുന്ദരവും ഹൈടെക്കുമാക്കാൻ നഗരസഭ 603 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. റോഡുകൾക്ക് മുകളിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈനുകളും വിവിധ കേബിളുകളും ഭൂമിക്കടിയിലാകും. റോഡുകൾ വെട്ടിമുറിച്ചും ലക്കും ലഗാനുമില്ലാതെയും കടന്നുപോകുന്ന കുടിവെള്ള പൈപ്പുകൾക്കും ഇനി സ്ഥിരം സ്ഥലമുണ്ടാകും. ജംഗ്ഷൻ നവീകരണം, പാർക്കിംഗ്, സി.സി ടിവി കാമറ, സൈൻബോർഡ്, റോഡ് മാർക്കിംഗ് തുടങ്ങിയ ഒട്ടേറെ പദ്ധതികളും സ്മാർട്ട് റോഡുകളിലുണ്ടാകും.

റോഡുകൾക്കരികിൽ അണ്ടർഗ്രൗണ്ട് ഡക്കിംഗ് ഉണ്ടാക്കി ഇലക്ട്രിക് ലൈനുകളും കേബിളുകളും അതിലേക്ക് മാറ്റും. ആവശ്യമുള്ളിടത്ത് ഡക്കിംഗിനൊപ്പം ഡ്രെയ്‌നേജും നിർമ്മിക്കും. ജംഗ്ഷൻ ഇംപ്രൂവ്‌മെന്റിന്റെ ഭാഗമായി അത്യാധുനിക കാമറയും ആവശ്യമുള്ളിടത്ത് ഇലക്ട്രിക്കൽ സിഗ്നൽ സംവിധാനവും സ്ഥാപിക്കും. വാഹനങ്ങൾ ഓടിക്കുന്നയാളുടെ മുഖം ഒപ്പിയെടുക്കാവുന്നതും നമ്പർ പ്ലേറ്റ് തിരിച്ചറിയാവുന്നതുമായ നമ്പർപ്ലേറ്റ് റെക്കഗ്നിഷൻ (എൻ.പി.ആർ), ഫേസ് ഡിറ്റക്ഷൻ കാമറകളും സ്ഥാപിക്കും. റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നതിനായി 'ഓൺസ്ട്രീറ്റ് പാർക്കിംഗ്' സംവിധാനവുമുണ്ടാകും.

വെല്ലുവിളികൾ ഏറെ

സ്‌മാർട്ട് റോഡ് നിർമ്മാണ പദ്ധതിയാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞതെന്ന് സ്‌മാർട്ട് സിറ്റി ട്രിവാൻഡ്രം ലിമിറ്റഡ് പറയുന്നു. ഇവയുടെ സ്വഭാവം തന്നെയാണ് അതിന് കാരണം. തിരുവനന്തപുരം കോർപ്പറേഷന്റെ ഏരിയ അടിസ്ഥാനമാക്കിയുള്ള വികസന പദ്ധതിക്ക് കീഴിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ റോഡുകളുടെ നിർമ്മാണത്തിന്റെ ഭാഗമായി സൈക്കിൾ ട്രാക്കുകളും നിർമ്മിക്കും. പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. സർവേ,​ രൂപരേഖ എന്നിവയെല്ലാം തയ്യാറായിക്കഴിഞ്ഞു. മൺസൂൺ കാലമായതിനാൽ റോഡിന് വേണ്ടി കുഴികൾ എടുക്കുന്ന പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല.