argentina

സെമി ഷൂട്ടൗട്ടിൽ കൊളംബിയയെ തകർത്ത് അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ

മൂന്ന് പെനാൽറ്റികൾ തടുത്തിട്ട് സൂപ്പർ ഹീറോയായി അർജന്റീനാ ഗോളി എമിലിയാനോ മാർട്ടിനെസ്

ബ്രസീലിയ: ആരാധകർ സ്വപ്നം കണ്ട ബ്രസീലും അർജന്റീനയും തമ്മിലുള്ള കലാശക്കളിക്ക് കളമൊരുക്കി കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റ്. ഇന്നലെ പ്രഭാതത്തിൽ നടന്ന രണ്ടാം സെമിഫൈനലിൽ കൊളംബിയയെ ഷൂട്ടൗട്ടിൽ 3-2ന് കീഴടക്കിയാണ് മെസിയും സംഘവും നെയ്മറിനും കൂട്ടർക്കും എതിരായ ഫൈനലിന് ടിക്കറ്റെടുത്ത്. തിങ്കളാഴ്ച ഇന്ത്യൻ സമയം രാവിലെ 6.30നാണ് വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽ ഫൈനൽ.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾവീതം നേടിയതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. അവിടെ മൂന്ന് കൊളംബിയൻ കിക്കുകൾ രക്ഷപ്പെടുത്തിയ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസാണ് ടീമിന്റെ ഹീറോയായത്. മെസിയടക്കം മൂന്ന് അർജന്റീന താരങ്ങൾ കിക്കുകൾ വലയിലെത്തിച്ചപ്പോൾ രണ്ട് കൊളംബിയൻ താരങ്ങളേ ലക്ഷ്യം കണ്ടുള്ളൂ.

അർജന്റീനയ്ക്കായി മെസി, ലിയാൻഡ്രോ പരേഡസ്, ലൗത്താരോ മാർട്ടിനെസ് എന്നിവർ സ്‌കോർ ചെയ്തപ്പോള്‍ റോഡ്രിഗോ ഡി പോൾ പന്ത് പുറത്തേക്കടിച്ച് കളഞ്ഞു. കൊളംബിയയുടെ ഡേവിൻസൺ സാഞ്ചെസ്, യെരി മിന, എഡ്വിൻ കാർഡോണ എന്നിവരുടെ കിക്കുകളാണ് മാർട്ടിനസ് തടഞ്ഞിട്ടത്. ലക്ഷ്യം കാണാനായത് ക്വാർഡാഡോയ്ക്കും ബോറിയയ്ക്കും മാത്രം.