big-jake

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ കുതിരയായ ബിഗ് ജെയ്ക്ക് ഓർമ്മയായി. അമേരിക്കയിലെ വിസ്‌കോൻസിനിൽ വച്ചായിരുന്നു അന്ത്യം.

2010ലാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കുതിരയായി ഗിന്നസ് ബുക്ക് ഒഫ് റെക്കോഡ്‌സിൽ ജെയ്ക്ക് ഇടംപിടിക്കുന്നത്. പോയ്‌നെറ്റ് സ്വദേശിയായ ജെറി ഗിൽബർട്ട് ആയിരുന്നു ബൽജിയൻ കുതിരയായ ജെയ്ക്കിന്റെ ഉടമസ്ഥൻ. ഗിൽബർട്ടിന്റെ ഫാമായ സ്‌മോക്കി ഹോളോയിലായിരുന്നു ജെയ്ക്ക് കഴിഞ്ഞിരുന്നത്.

ആറടി പത്തിഞ്ചായിരുന്നു ഉയരം. അതായത് ഏകദേശം 2.1 മീറ്റർ നീളം. 2,500 പൗണ്ട്(1,136 കി.ഗ്രാം) ഭാരവുമുണ്ടായിരുന്നു. ജനിക്കുമ്പോൾ ജെയ്ക്കിന് 109 കി.ഗ്രാമായിരുന്നു ഭാരം. ജനനസമയത്ത് ബൽജിയൻ കുതിരകൾക്കുണ്ടാകാറുള്ളതിനെക്കാൾ 45 കി.ഗ്രാം ഭാരം ജെയ്ക്കിന് കൂടുതലുണ്ടായിരുന്നു.

അതേസമയം, കുതിര മരിച്ച ദിവസം എന്നാണെന്ന് കൃത്യമായി വെളിപ്പെടുത്താൻ ജെറിയും കുടുംബവും തയാറായില്ല. തങ്ങൾക്ക് അതേക്കുറിച്ച് ഓർക്കാൻ ഇഷ്ടമല്ലെന്ന് അവർ

പറയുന്നു. ജെയ്ക്കിനോടുള്ള ബഹുമാനാർത്ഥം തൊഴുത്തിൽ ജെയ്ക്ക് കഴിഞ്ഞിരുന്ന സ്ഥലം ജെറി ഒഴിച്ചിട്ടിരിക്കുകയാണ്. ജെയ്ക്കിന്‍റെ വേർപാട് മറ്റ് കുതിരകൾക്കും വലിയ വിഷമമുണ്ടാക്കുന്നുണ്ടെന്നും അവർ പറഞ്ഞു.