sabu-jacob

​കൊച്ചി: പുതുക്കിയ മിനിമം കൂലി നിയമം നടപ്പാക്കണം എന്നാവശ്യപ്പെട്ട് കിറ്റെക്‌സിന് നല്‍കിയ നോട്ടീസ് തൊഴിൽ വകുപ്പ് മരവിപ്പിച്ചു. പെരുമ്പാവൂര്‍ അസിസ്റ്റന്‍റ് ലേബർ ഓഫീസര്‍ കിറ്റെക്‌സിന് ജൂൺ 30ന് നല്‍കിയ നോട്ടീസാണ് മരവിപ്പിച്ചത്. 2019ലെ മിനിമം കൂലി ശുപാര്‍ശകൾ നടപ്പാക്കിയില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു നോട്ടീസ്. എന്നാല്‍ ഈ ഉത്തരവ് ഹൈക്കോടതി 2021 മാര്‍ച്ച് 26ന് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്‌തതാണെന്നും അസിസ്റ്റന്‍റ് ലേബർ ഓഫീസറുടെ നോട്ടീസ് കോടതിയലക്ഷ്യമാണെന്നും സൂചിപ്പിച്ച് കിറ്റെക്‌സ് ലേബർ സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു.

ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ ഉത്തരവിൽ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് വരെ തുടര്‍ നടപടികളുണ്ടാകില്ല.നല്‍കിയ നോട്ടീസിൽ നിന്നുള്ള പിന്മാറ്റം കിറ്റെക്‌സിലെ പരിശോധനകൾ നിയമവിരുദ്ധമാണെന്ന് തെളിയക്കുന്നതാണെന്ന് കിറ്റെക്‌സ് ചെയർമാൻ സാബു എം ജേക്കബ് പറഞ്ഞു. ഉപദ്രവിച്ച ഉദ്യോഗസ്ഥരെ പിരിച്ചുവിടണം, പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്ക് ജോലിയിൽ തുടരാൻ അർഹതയില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി.

അതേസമയം, 3500 കോടിയുടെ പദ്ധതിയിൽ നിന്ന് പിന്മാറിയ കിറ്റെക്‌സിനെ കർണാടകയും ഔദ്യോഗികമായി ക്ഷണിച്ചു. തമിഴ്‌നാട് ഉൾപ്പടെ ഒമ്പത് സംസ്ഥാനങ്ങളാണ് കിറ്റെക്‌സ് അധികൃതരുമായി ഇതുവരെ ബന്ധപ്പെട്ടത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളുമായുളള സഹകരണം സംബന്ധിച്ച് കിറ്റെക്‌സ് ഇതുവരെ അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല.