japan-air-force-

ന്യൂഡൽഹി : 2021 ലെ ആഗോള ഫയർ പവർ റാങ്കിംഗിൽ മൂന്നാം സ്ഥാനം നേടി ചൈനയും നാലാം സ്ഥാനം നേടി ഇന്ത്യയും കരുത്ത് തെളിയിക്കുകയാണ്. സൈനിക ശക്തി, സാമ്പത്തിക, ലോജിസ്റ്റിക്കൽ ശേഷി, ഭൂമിശാസ്ത്രം എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ റാങ്കിംഗ്. എന്നാൽ ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള രാജ്യത്തിന്റെ കുതുപ്പിനെയാണ് ഇപ്പോൾ പ്രതിരോധ വിദഗ്ദ്ധർ പഠന വിധേയമാക്കുന്നത്. അതാരുമല്ല ലോകത്തിന് അതിജീവനത്തിന്റെ മാതൃക തീർത്ത ജപ്പാനാണ് ആ രാജ്യം.

അമേരിക്കയുടെ വിശ്വസ്ത പങ്കാളിയായ ജപ്പാന്റെ കൈവശം അമേരിക്കൻ നിർമ്മിതമായി നൂറു കണക്കിന് അത്യാധുനിക വിമാനങ്ങളാണുള്ളത്. അമേരിക്കയ്ക്ക് ശേഷം ലോക്ക്ഹീഡ് മാർട്ടിൻ എഫ് 35 സ്റ്റെൽത്ത് പോരാളികളുടെ രണ്ടാമത്തെ വലിയ ഓപ്പറേറ്ററാണ് ജപ്പാൻ. ഇതിന് പുറമേ ആറാം തലമുറ യുദ്ധവിമാനവും രാജ്യം വികസിപ്പിക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ജപ്പാൻ ഏഷ്യയിലെ ശക്തമായ വായുശക്തിയായി വളരുകയാണെന്നത് നിരാകരിക്കാനാവാത്ത വാസ്തവമാണ്.

ഇന്തോ പസഫിക് മേഖലയിൽ പ്രതിരോധത്തിനായി ഏറ്റവും കൂടുതൽ തുക ചിലിവിടുന്ന രാജ്യമായും ജപ്പാൻ മാറുകയാണ്. ആഗോള സൈനിക ചെലവിൽ ഒമ്പതാം സ്ഥാനത്താണ് അവരിപ്പോൾ. 49.1 ബില്യൺ ഡോളറാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. യു എസ് ജപ്പാൻ പരസ്പര സുരക്ഷാ ഉടമ്പടി 1960 പ്രകാരം ജപ്പാന്റെ പ്രതിരോധ ആവശ്യങ്ങൾക്ക് വിളിപ്പുറത്ത് അമേരിക്കയുടെ സഹായം ലഭ്യമാകും എന്നതും പ്രത്യേകം ഓർക്കേണ്ടതാണ്.

1954 ലെ സ്വയം പ്രതിരോധ സേന നിയമത്തിന് ശേഷമാണ് ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സ് (ജെ എ എസ് ഡി എഫ്) എന്നറിയപ്പെടുന്ന ജാപ്പനീസ് വ്യോമസേന നിലവിൽ വന്നത്. 1970 കളിൽ മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് (എംഎച്ച്‌ഐ) വികസിപ്പിച്ചെടുത്ത എഫ് 1 ആയിരുന്നു അവരുടെ ആദ്യത്തെ തദ്ദേശീയ യുദ്ധവിമാനം. പിന്നീട് അമേരിക്ക ഉപയോഗിക്കുന്ന അത്യാധുനിക വിമാനങ്ങൾ കൈയ്യാളുന്നതിലാണ് ജപ്പാൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. യുഎസ് എഫ് 15 നിർമ്മിക്കുന്നതിനുള്ള ലെസൻസും മിത്സുബിഷിക്ക് ഉണ്ട്.

ഇപ്പോൾ ലോകത്തിലെ ഏറ്റവും നൂതനമായ ജെറ്റുകളിലൊന്നായ അഞ്ചാം തലമുറ സ്റ്റെൽത്ത് എഫ് 35 ജെറ്റുകളുടെ വൻ ശേഖരം സ്വന്തമാക്കാനാണ് ജപ്പാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ജൂലായിൽ 105 അഞ്ചാം തലമുറ വിമാനങ്ങൾ അമേരിക്കയിൽ നിന്നും വാങ്ങുവാൻ തീരുമാനിച്ചിരിക്കുകയാണ് ജപ്പാൻ. ഈ ഇടപാടിന് അമേരിക്ക അംഗീകാരവും നൽകിയിട്ടുണ്ട്. 23 ബില്യൺ ഡോളറിന്റെ ഈ കരാർ ജപ്പാനെ ലോകത്തിലെ എണ്ണം പറഞ്ഞ വ്യോമശക്തിയാക്കി മാറ്റും.


ചൈനയ്ക്ക് ആശങ്ക ഇന്ത്യയ്‌ക്കോ ?

ജപ്പാൻ സൈനിക ശേഷി വർദ്ധിപ്പിക്കുമ്പോൾ ആശങ്കപ്പെടുന്നത് തീർച്ചയായും ചൈനയായിരിക്കും. ക്വാഡ് അടക്കമുള്ള കൂട്ടായ്മയിൽ ഇന്ത്യയുടെ ഉത്തമ പങ്കാളിയാണ് ജപ്പാൻ. ഇന്തോ ചൈന അതിർത്തിയിലടക്കം ഇന്ത്യയുടെ റോഡ് നിർമ്മാണമടക്കമുള്ള പദ്ധതികളിൽ ജപ്പാൻ സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകുന്നുമുണ്ട്. അടുത്തിടെ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധസമാന സാഹചര്യമുണ്ടായപ്പോഴും ചൈനയ്ക്ക് മേൽ ജപ്പാൻ സമ്മർദ്ദം ചെലുത്തിയിരുന്നു. ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് പ്രവർത്തനം ജപ്പാനും തലവേദനയായി തീർന്നിരിക്കുകയാണ്. ചൈനയുമായി സംഘർഷത്തിലുള്ള തായ്വാനുമായും ജപ്പാൻ അടുത്ത ബന്ധമാണ് പുലർത്തുന്നത്. ഇന്തോ പസഫിക് മേഖലയിൽ ചൈനയ്ക്കിടയിൽ അധികാര സന്തുലിതാവസ്ഥ നിലനിർത്താൻ, ജപ്പാന് തങ്ങളുടെ സൈനിക ശേഷി വർദ്ധിപ്പിച്ചേ മതിയാവൂ.