shahrukh

മുംബയ്: ഇന്ന് അന്തരിച്ച ബോളിവുഡ് ചലച്ചിത്ര നടൻ ദിലീപ് കുമാറിന് അന്ത്യോപചാരമർപ്പിക്കാൻ നടൻ ഷാരുഖ് ഖാൻ എത്തി. ദിലീപ് കുമാറിന്റെ ഭാര്യ സൈറാ ബാനുവിനെ ഷാരുഖ് ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാണ്. വളരെയേറെ അടുത്ത ബന്ധമായിരുന്നു ഷാരുഖും ദിലീപ് കുമാറും തമ്മിൽ. ഷാരുഖിനെ തന്റെ ദത്തുപുത്രനായാണ് ദിലീപ് കുമാ‌ർ വിശേഷിപ്പിച്ചിരുന്നത്. ദിലീപ് കുമാർ സുഖമില്ലാതെ ഇരുന്ന സമയത്തും ഷാരുഖ് ഒട്ടേറെ തവണ അദ്ദേഹത്തെ വീട്ടിൽ വന്ന് സന്ദർശിച്ചിട്ടുണ്ട്.

തങ്ങൾക്ക് ഒരു മകനുണ്ടായിരുന്നുവെങ്കിൽ അവൻ ഷാരുഖിനെ പോലെ ഇരിക്കുമായിരുന്നുവെന്ന് ദിലീപ് കുമാർ തന്നോട് പറഞ്ഞിട്ടുള്ളതായി ഒരിക്കൽ സൈറാ ബാനു മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷാരുഖിന്റെയും ദിലീപ് കുമാറിന്റെയും മുടി ഒരേപോലെ ആണെന്നും അതിനാൽ തന്നെ തനിക്ക് ഷാരുഖിനോട് പ്രത്യേക വാത്സല്യമുണ്ടെന്നും സൈറാ ബാനു പറഞ്ഞു.

98 വയസുണ്ടായിരുന്ന ദിലീപ് കുമാർ ന്യുമോണിയ ബാധയെതുടർന്ന് ഇന്ന് രാവിലെ 7.30ന് മരണമടയുകയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബസുഹൃത്തായ ഫൈസൽ ഫറൂഖി ദിലീപ് കുമാറിന്റെ തന്നെ ട്വിറ്ററിലൂടെ മരണവിവരം അറിയിക്കുകയായിരുന്നു.