പെട്രോൾ വില ദിവസവും കുത്തനെ ഉയരുമ്പോൾ ഇനി ഒരു ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങിയാലോ എന്ന് ആലോചിക്കുന്നവരാണ് നമ്മളെല്ലാം. എന്നാൽ ഇപ്പോഴും ശൈശവാവസ്ഥയിലാണ് രാജ്യത്തെ ഇ വാഹന വിപണി എന്നതാണ് കൂടുതൽ പേരെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചേക്കാറാൻ മടിക്കുന്ന ഒരു ഘടകം. എന്നാൽ ഇരുചക്ര വിപണിയിൽ ഇതിനകം തന്നെ നിരവധി നിർമ്മാതാക്കൾ മോഡലുകളുമായി അവതരിച്ചു കഴിഞ്ഞു. ഇതിൽ ഇപ്പോൾ ശ്രദ്ധേയമാണ് ബംഗളൂരു അടിസ്ഥാനമായി പ്രവർത്തിക്കുന്ന സിമ്പിൾ എനർജി.
സ്റ്റാർട്ട് അപ്പ് കമ്പനിയായി ആരംഭിച്ച സിമ്പിൾ എനർജി അവതരിപ്പിക്കുന്ന ഇലകട്രിക് സ്‌കൂട്ടറാണ് സിമ്പിൾ വൺ. കേവലം എഴുപത് മിനിട്ടു കൊണ്ട് ഫുൾ ചാർജ് ചെയ്യാവുന്ന ഈ സ്‌കൂട്ടർ 240 കിലോമീറ്ററാണ് വാഗ്ദ്ധാനം ചെയ്യുന്നത്. വില ഒരു ലക്ഷത്തി ഇരുപതിനായിരത്തിന് അടുത്താണുള്ളത്.
4.8 കിലോവാട്ട് ബാറ്ററിയാണ്, വീടിനുള്ളിൽ ചാർജ് ചെയ്യാനും കഴിയുന്നതിനൊപ്പം ഫാസ്റ്റ് ചാർജിംഗിനും കഴിയും.
അയൺ മാൻ മൂവി സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇ വാഹനത്തിന്റെ ഡിസൈൻ.
അടുത്തമാസം മുതൽക്ക് സ്‌കൂട്ടർ വിപണിയിലെത്തുമെന്ന് കരുതുന്നു. പ്രാരംഭ ഘട്ടത്തിൽ ദക്ഷിണേന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ലഭിക്കും. പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്‌കൂട്ടറുകൾക്കൊപ്പം വേഗതയും കരുത്തും സിമ്പിൾ വൺ ഉറപ്പ് നൽകുന്നുണ്ട്. സിമ്പിൾ വൺ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ യാത്ര ചെയ്യാനാവും എന്നതാണ് എടുത്ത് പറയേണ്ട സവിശേഷത. വിപണിയിൽ സിമ്പിൾ വണ്ണിന്റെ നേരിട്ടുള്ള എതിരാളി ആതർ 450 എക്സ് ആയിരിക്കും.