ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നമായ ഹരിതോർജ പദ്ധതിയ്‌ക്ക് വേണ്ടി പത്ത് ബില്യൺ ഡോളർ മുതൽമുടക്കി രംഗത്തിറങ്ങി മുകേഷ് അംബാനി. 2030ഓടെ രാജ്യത്തെ ഹരിതോർജ ഉൽപാദനം നിലവിലത്തെ ഉൽപാദനത്തിന്റെ നാലിരട്ടി വർദ്ധിപ്പിച്ച് 450 ജിഗാവാട്ട് എത്തിക്കുകയെന്നതായിരുന്നു പ്രധാനമന്ത്രിയുടെ ആഗ്രഹം.
പുനരുപയോഗ ഊർജമേഖലയിൽ അംബാനി പണം മുടക്കിയതോടെ നിലവിൽ ഈ മേഖലയിൽ കരുത്തനായ അദാനിക്ക് തുല്യനായ എതിരാളി വന്നിരിക്കുകയാണ്. ഇത് ഊർജലേലംവിളികളുടെ യുദ്ധത്തിനും അതുവഴി സൗരോർജ മേഖലയിൽ വിലക്കുറവിനും ഇടയാക്കുമെന്നാണ് പ്രതീക്ഷ.
പെട്രോകെമിക്കൽസ്, ടെക്‌സ്‌റ്റയിൽസ്, ടെലികോം, റീട്ടെയിൽ മേഖലകളിലെ അതികായനായ അംബാനിയും വൈദ്യുതി ഉൽപാദനം, പ്രക്ഷേപണം, വിതരണം, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ നടത്തിപ്പിലൂടെ ശതകോടീശ്വരനായ അദാനിയും രാജ്യത്ത് ആദ്യമായാണ് നേർക്കുനേർ ഒരേ മേഖലയിൽ വരുന്നത്.
വരുന്ന ഒൻപത് വർഷത്തിനുളളിൽ 100 ജിഗാവാട്ട് സൗരോർജ ശേഷിയുളള സംരഭമാകും തുടങ്ങുകയെന്ന് അംബാനി അറിയിച്ചു. മൂന്ന് വർഷത്തിനിടെ സോളാർ മാനുഫാക്‌ചറിംഗ് യൂണിറ്റ്, സൗരോർജ സംഭരണത്തിന് ബാറ്ററി ഫാക്‌ടറി, ഹരിത ഹൈഡ്രജൻ നിർമ്മാണത്തിനുളള യൂണിറ്റ് എന്നിവ റിലയൻസ് നിർമ്മിക്കും.
അംബാനിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ നിലവിൽ പ്രതിവർഷം 3.5 ജിഗാ വാട്ട് സൗരോർജ ശേഷി എന്നത് അഞ്ച് ആയി ഉയർത്തുമെന്ന് ഗൗതം അദാനി അറിയിച്ചു. ഹരിതോർജ മേഖലയിൽ കൂടുതൽ കമ്പനികൾക്ക് ഇടപെടാൻ അവസരമുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ഇവ വർദ്ധിക്കുന്നതോടെ സൗരോർജ വില കുറയും.
നിലവിൽ ലോകത്ത് ഏറ്റവും കുറഞ്ഞ രണ്ടാമത് വില ഇന്ത്യയിലാണ്. കിലോവാട്ടിന് വെറും രണ്ട് രൂപയാണ് ഗുജറാത്തിൽ നടന്ന ലേലംവിളിയിൽ ലഭിച്ചത്. 2030ഓടെ ഇത് കിലോവാട്ടിന് ഒരു രൂപയായി കുറയുമെന്നാണ് പ്രതീക്ഷയെന്നാണ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എനർജി ഇക്കണോമിക്‌സ് ആന്റ് ഫിനാൻഷ്യൽ അനാലിസിസിലെ എനർജി ഫിനാൻസ് പഠനവിഭാഗം ഡയറക്‌ടർ ടിം ബക്ക്‌ലീ അഭിപ്രായപ്പെട്ടത്.
നിലവിൽ കൽക്കരി ഇന്ധന മേഖലയിൽ അദാനിക്കും അംബാനിക്കും കമ്പനികളുണ്ട്. ഇരുവരും അവരുടെ ബിസിനസ് മേഖലയിൽ കൂടുതൽ പരിസ്ഥിതി ആഘാതം കുറയ്‌ക്കുന്നതിനായി ശ്രമിക്കുന്നതിനാലാണ് പുനരുപയോഗ ഊർജമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇരു കമ്പനികളും അവരുടെ ലക്ഷ്യം 2030ഓടെ പൂർത്തീകരിച്ചാൽ പ്രധാനമന്ത്രി സ്വപ്നം കണ്ടതിന്റെ മൂന്നിലൊന്ന് ഇരുവരിലൂടെയും സാദ്ധ്യമാകും.