ബ്രസൽസ്: പതിനൊന്നാം വയസ്സിൽ ലോറൻ സിമൻസ് എന്ന കൊച്ചുമിടുക്കൻ നേടിയത് ഫിസിക്സിൽ ബിരുദം. ബൽജിയം സ്വദേശിയായ ലോറൻ സാധാരണഗതിയിൽ മൂന്നുവർഷമെടുത്ത് തീർക്കേണ്ട ബിരുദം കേവലം ഒരു വർഷം കൊണ്ട് മാത്രമാണ് പൂർത്തിയാക്കിയത്. ഏറ്റവും ഉയർന്ന ഡിസ്റ്റിംഗ്ഷനായ സമ്മ കം ലോഡെ നേടിയാണ് ബിരുദം നേടിയത്.
ബൽജിയൻ തീരദേശപട്ടണമായ ഓസ്റ്റെൻഡ് സ്വദേശിയായ ലോറൻ ആൻവെർപ് സർവകലാശാലയിൽ നിന്നാണ് ബിരുദം നേടിയത്.
കഴിഞ്ഞ വർഷം, ക്ലാസിക്കൽ മെക്കാനിക്സ്, ക്വാണ്ടം ഫിസിക്സ് എന്നിവയെക്കുറിച്ച് വായിച്ച ലോറന് ഈ വിഷയങ്ങളിൽ താൽപര്യം ജനിച്ചു. തുടർന്ന് ബിരുദത്തിന് ചേരാൻ ലോറൻ തീരുമാനിക്കുകയായിരുന്നു.
മനുഷ്യരെ അനശ്വരരാക്കുക എന്നതാണ് എന്റെ ലക്ഷ്യം. അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ച് മനുഷ്യർ വൃദ്ധരാകുന്നു. ഈ ശരീരഭാഗങ്ങളെയെല്ലാം കൃത്രിമമായി മാറ്റി മെക്കാനിക്കൽ ഭാഗങ്ങൾ വയ്ക്കുന്നത് ചിലപ്പോൾ അനശ്വരതയിലേക്കു നയിച്ചേക്കും - ലോറൻ പറയുന്നു.
ഇതിനെക്കുറിച്ചുള്ള വഴികളൊക്കെ താൻ ആലോചിച്ചു വച്ചിട്ടുണ്ടെന്നും ക്വാണ്ടം മെക്കാനിക്ക്സിൽ കൂടുതൽ പഠനവും ഗവേഷണവുമാണ് തന്റെ ശ്രമങ്ങളുടെ ആദ്യപടിയെന്നും ലോറൻ പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച പ്രഫസർമാർക്കും ഗവേഷകർക്കുമൊപ്പം പഠനം നടത്തണമെന്നാണ് ലോറന്റെ ആഗ്രഹം.ബിരുദാനന്തര ബിരുദമെടുക്കാനും അതിനൊപ്പം തന്നെ പി.എച്ച്ഡി പഠനം തുടങ്ങാനുമുള്ള തയ്യാറെടുപ്പിലാണ് അലൻ.
അൾട്ടിമേറ്റ് ബുജി
വെറും 1.5 വർഷമെടുത്ത് എട്ടാം വയസ്സിലാണ് അലൻ ഹൈസ്കൂൾ പഠനം പൂർത്തീകരിച്ചത്. ഇടയ്ക്ക് നെതർലൻഡ്സിസെ ഐന്തോവൻ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ പഠനം തുടങ്ങിയെങ്കിലും പൂർത്തീകരിക്കാൻ കുറച്ച് നാൾ മാത്രമുള്ളപ്പോൾ ഉപേക്ഷിച്ചു.
@ലോകത്ത് ഇതുവരെ സർവകലാശാലാ ബിരുദമെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ മൈക്കൽ കേണിയാണ്. സൗത്ത് അലബാമ സർവകലാശാലയിൽ നിന്ന് 1994ൽ തന്റെ പത്താംവയസ്സിൽ നരവംശശാസ്ത്രത്തിലാണ് മൈക്കൽ ബിരുദം നേടിയത്.