കാണാൻ കുഞ്ഞൻ ആണെങ്കിലും കാന്താരി മുളക് ഔഷധഗുണങ്ങളാൽ കേമനാണ്. ഇതിന്റെ എരിവിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. വിറ്റാമിനുകളായ എ, സി, ഇ, കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്പറസ് എന്നിവയാൽ സമ്പന്നമാണ്. കാന്താരി മുളകിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാൻ കഴിയുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കാന്താരിയുടെ എരിവിനെ നിയന്ത്രിക്കാനായി ധാരാളം ഊർജം ശരീരത്തിന് ഉത്പാദിപ്പിക്കേണ്ടി വരുന്നതിലൂടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് ക്രമീകരിക്കാനാകും. രക്തക്കുഴലുകൾ കട്ടിയാവുന്നത് തടയാനും രക്തയോട്ടം വർദ്ധിപ്പിക്കാനുമുള്ള കഴിവ് കാന്താരിയ്ക്കുണ്ട്. എന്നാൽ അമിതമായ ഉപയോഗം വയറിൽ പലവിധത്തിലുള്ള അസ്വസ്ഥതകൾക്കും കാരണമാകും. വൃക്കയ്ക്കും കരളിനും പ്രശ്നമുള്ളവരും അൾസർ ഉള്ളവരും കാന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം.