പോർട്ടോ പ്രിൻസ്: കരീബിയൻ ദ്വീപ രാഷ്‌ട്രമായ ഹെയ്‌തിയിൽ പ്രസിഡന്റ് ജോവെനെൽ മോയിസ (53)യെ അജ്ഞാതർ വീട്ടിൽ അതിക്രമിച്ച് കയറി വധിച്ചു. സ്‌പാനിഷ് ഭാഷ സംസാരിക്കുന്ന ഒരു കൂട്ടം കമാന്റോകളാണ് കൊല നടത്തിയത്. പോർട്ടോ പ്രിൻസിലെ തന്റെ സ്വകാര്യ വസതിയിലായിരുന്നു പ്രസിഡന്റ്.
ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സംഭവം. ജോവെനെൽ മോയിസയുടെ ഭാര്യ മാർട്ടീന മോയിസെയ്‌ക്കും വെടിയേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് സംഭവം സ്ഥിരീകരിച്ച് ഹെയ്‌തിയിലെ താൽക്കാലിക പ്രധാനമന്ത്രി ക്ളൗഡെ ജോസഫ് അറിയിച്ചു.
രാഷ്‌ട്രീയ അസ്ഥിരത നിലനിൽക്കുന്ന രാജ്യത്ത് പലയിടത്തും ഇത്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്. പ്രസിഡന്റിന്റെ വധം പൈശാചികമായ നടപടിയായിപ്പോയെന്ന് ക്‌ളൗഡെ ജോസഫ് പ്രതികരിച്ചു.