vineeth

തിരുവനന്തപുരം: പേരൂർക്കടയിൽ ടിപ്പർലോറി ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. അരുവിക്കര കലക്കോട്ടുകോണം ശ്രീപത്മനാഭയിൽ വിനീത് (40), കാട്ടാക്കട കള്ളിക്കാട്‌ ദേവൻകോട് ദീപു ഭവനിൽ ദീപു (29) എന്നിവരെയാണ്‌ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
ടിപ്പർലോറി ഡ്രൈവർമാർ വാടകയ്ക്ക് താമസിക്കുന്ന അമ്പലംമുക്ക് പൈപ്പ് ലെയ്ൻ റോഡിലുള്ള വീട്ടിൽ ജൂലായ് 1നാണ് ആക്രമം നടന്നത്. ഇവിടെ താമസിക്കുന്ന സുൽഫിക്കറിനെ ടിപ്പർലോറി ഉടമയായ വിനീതും മറ്റൊരു ഡ്രൈവറായ ദീപുവും ചേർന്ന് വെട്ടുകത്തി കൊണ്ട് വെട്ടി മാരകമായി പരിക്കേൽപ്പിച്ചു.

ഡ്രൈവർമാർ തമ്മിലുള്ള വഴക്കിനെ തുടർന്ന് ചില ഡ്രൈവർമാർ പിണങ്ങിപ്പോയത് സുൽഫിക്കർ കാരണമാണെന്ന് ആരോപിച്ചാണ് ആക്രമിച്ചത്. സംഭവത്തിന്‌ ശേഷം ഒളിവിൽപ്പോയ പ്രതികളെ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ അജിത് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പേരൂർക്കട എസ്.എച്ച്.ഒ അനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, മോനിഷ്, ജയകുമാർ, അനിക്കുട്ടൻ നായർ, സി.പി.ഒമാരായ അനൂപ്, അനീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.