തിരുവനന്തപുരം: വെങ്ങാനൂരിൽ അദ്ധ്യാപികയെ ആക്രമിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്‌തയാളെ പൊലീസ് പിടികൂടി. മുട്ടയ്ക്കാട് കമുകിൻകുഴി വസന്ത നിവാസിൽ പ്രവീണിനെയാണ് (37) വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്.

ചൊവ്വാഴ്ച വൈകിട്ട് 5നായിരുന്നു സംഭവം. വെങ്ങാനൂർ ജംഗ്ഷനിൽ നിൽക്കുകയായിരുന്ന അദ്ധ്യാപികയെ പ്രതി അസഭ്യം പറയുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയുമായിരുന്നു. അദ്ധ്യാപിക ബഹളം വച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെട്ടു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

പരിക്കേറ്റ അദ്ധ്യാപിക ആശുപത്രിയിൽ ചികിത്സതേടിയശേഷം പരാതി നൽകിയതിനെ തുടർന്ന്‌ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ സമ്പത്ത്, വിനോദ്, അജിത്ത്, സി.പി.ഒ ഡിപിൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.